ഡല്‍ഹിയില്‍ പോയി മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിക്കൊപ്പം സമരം ചെയ്യാന്‍ യു.ഡി.എഫില്ല; മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിപരിവാര്‍ ശൈലിയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയനും പിന്തുടരുന്നത്; രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സമരം ചെയ്യുന്നത് സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവം മറച്ചുപിടിക്കാൻ വേണ്ടി ,ആര്‍.എസ്.എസിന്റെ ആടയാഭരണമല്ല, അവര്‍ കുഴിച്ച കുഴിയിലാണ് ഇത്രയും കാലം പിണറായി ഇറങ്ങി ഇരുന്നതെന്നും ആര്‍.എസ്.എസിന്റെ പിന്തുണയോടെ ജയിച്ച ആളുടെ സംഘ്പരിവാര്‍ വിരുദ്ധ ക്ലാസ് ഞങ്ങള്‍ക്ക് വേണ്ടെന്നും വി.ഡി. സതീശൻ

New Update
sarheesan pina

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരുമായി യോജിച്ചുള്ള ഒരു സമരത്തിനും യു.ഡി.എഫില്ല. ഡല്‍ഹിയില്‍ ചെന്നാല്‍ നരേന്ദ്ര മോദിക്കും അമിത് ഷാക്കും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളത്. അവര്‍ക്കൊപ്പം സമരം ചെയ്യാന്‍ ഞങ്ങളില്ല. അവര്‍ പുറത്ത് സമരം ചെയ്യുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും അകത്ത് പോയി മോദിയും അമിത് ഷായും പറയുന്ന പേപ്പറുകളില്‍ ഒപ്പുവച്ചു കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരാണിത്. പി.എം ശ്രീ പദ്ധതി ഉള്‍പ്പെടെയുള്ളവയില്‍ ഈ സര്‍ക്കാരിന്റെ നിലപാട് എന്തായിരുന്നുവെന്ന് വളരെ വ്യക്തമാണ്. ഇവര്‍ക്കൊപ്പം സമരം ചെയ്യാന്‍ പോയാല്‍ ഞങ്ങള്‍ കൂടി വഷളാകും.

Advertisment

pinarai vijayan vd satheesan-2

പരസ്പരം കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ബി.ജെ.പി നേതൃത്വവും സംസ്ഥാനത്തെ സി.പി.എം നേതൃത്വവും തമ്മില്‍ ബാന്ധവത്തിലാണ്. അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാം. ഇതൊന്നും കൂടാതെ ബി.ജെ.പിയെ പോലെ ഭൂരിപക്ഷ വര്‍ഗീയതയെ സി.പി.എം കേരളത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ കൊണ്ട് വിദ്വേഷ പ്രസ്താവനകള്‍ നടത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എ.കെ ബാലനും അതിന് സമാനമായ ചില പ്രസ്താവനകള്‍ നടത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.

സംഘ്പരിവാര്‍ സഞ്ചരിക്കുന്ന അതേ വഴികളിലൂടെയാണ് സി.പി.എമ്മും പിണറായി വിജയനും സഞ്ചരിക്കുന്നത്. മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ് എല്ലായിടത്തും സംഘ്പരിപരിവാറിന്റെ രീതി. അതേ ശൈലിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എമ്മും പിന്തുടരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്.

അതില്‍ നിന്നും ജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോള്‍ സമരം നടത്തുന്നത്. അല്ലാതെ ഇവര്‍ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സമരം നടത്തുന്നതില്‍ എന്ത് കാര്യമാണുള്ളത്? ഇവര്‍ ബി.ജെ.പി നേതാക്കളുമായി സന്ധി ചെയ്യുകയാണ്. രാഷ്ട്രീയമായ അവിശുദ്ധ ബാന്ധവം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് സമരം നടത്തുന്നത്. ആ സമരത്തിന് യു.ഡി.എഫില്ല. 

pinarayi modi

കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലാണ് കേരളത്തില്‍ ഏറ്റുമുട്ടുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധതയുള്ള ബി.ജെ.പി കേരളത്തില്‍ സി.പി.എമ്മിനെ സഹായിക്കുകയാണ്. ആര്‍.എസ്.എസിന്റെ വോട്ട് നേടി അതേ മുന്നണിയില്‍ ജയിച്ചുവന്ന ആളാണ് പിണറായി വിജയന്‍. കേരളത്തിലെ ഒറ്റ കോണ്‍ഗ്രസുകാരനും ആര്‍.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ പിന്തുണയില്‍ നിയമസഭയില്‍ എത്തിയിട്ടില്ല.

 അന്നത്തെ ജനസംഘത്തിന്റെ ബാനറില്‍ മത്സരിച്ച് വിജയിച്ച ആളാണ് പിണറായി വിജയന്‍. കെ.ജി മാരാരാണ് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചത്. അധികാരത്തില്‍ വന്നപ്പോള്‍ നമ്പര്‍ വണ്‍ കാര്‍ മാറ്റി ഹോട്ടലില്‍ എത്തി ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ സി.പി.എം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

 അങ്ങനെയുള്ള പിണറായി വിജയന്‍ ആര്‍.എസ്.എസ്, സംഘ്പരിവാര്‍ വിരുദ്ധത ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. അവരുടെ കൂട്ടിലാണ് പിണറായി. പഴയ ചരിത്രമൊന്നും പറയിപ്പിക്കേണ്ട. ആര്‍.എസ്.എസുമായി കൂട്ടുകൂടേണ്ടി വന്നിട്ടുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവന വേണമെങ്കില്‍ ഇപ്പോള്‍ കേള്‍പ്പിച്ചു തരാം.

pinarayi

എല്ലാവരും ചരിത്രം മറന്നു പോകുമെന്ന് കരുതിയാണ് ഇപ്പോള്‍ ആര്‍.എസ്.എസിനെ കുറിച്ച് പറയുന്നത്. ആര്‍.എസ്.എസിന്റെ ആടയാഭരണമല്ല, ആര്‍.എസ്.എസ് കുഴിച്ച കുഴിയിലാണ് ഇത്രയും കാലം ഇറങ്ങി ഇരുന്നത്. ആര്‍.എസ്.എസിന്റെ പിന്തുണയോടെ ജയിച്ച ആളുടെ ക്ലാസും ഞങ്ങള്‍ക്ക് വേണ്ട വി.ഡി. സതീശൻ വ്യക്തമാക്കി

Advertisment