/sathyam/media/media_files/2025/02/05/3NmULSCkzcxfJjTmzaTs.jpeg)
തിരുവനന്തപുരം: മലയോര കേന്ദ്രങ്ങളിലെ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നടന്ന മലയോര ജാഥ സമാപിച്ചു.
ജാഥ രാഷ്ട്രീയമായി പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. കഴിഞ്ഞ മാസം 25നാണ് കണ്ണൂരില്‍ നിന്നും യാത്ര ആരംഭിച്ചത്. ഇരിക്കൂരിലെ കരുവഞ്ചാല്‍ മുതല്‍ പാറശാലയിലെ അമ്പൂരി വരെ നീണ്ട ജാഥ മലയോര മേഖലയുടെ ജീവല്‍ പ്രശ്നങ്ങള്‍ കാര്യമാത്ര പ്രസക്തമായി ചര്‍ച്ച ചെയ്തു.
മലയോര മനസില്‍ കണ്ണുംനട്ട്
ജനകീയ വിഷയമായതുകൊണ്ടുതന്നെ സമര യാത്രയ്ക്ക് രാഷ്ട്രീയത്തിന് അപ്പുറത്തുള്ള പിന്തുണ കിട്ടി. തണുപ്പന്‍ മട്ടിലായിരുന്നു തുടക്കമെങ്കിലും മലയോര ജനതയുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ പൊതുസമൂഹത്തില്‍ കൃത്യമായി ഉന്നയിക്കാനും ഇതിനൊന്നും കൃത്യമായ പരിഹാരമില്ലാത്ത സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
അവസാന പാദത്തിലേക്ക് കടന്ന സര്‍ക്കാര്‍ നേരിടാനിരിക്കുന്ന തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മലയോര നിവാസികളുടെ വിഷയം പ്രതിഫലിപ്പിക്കാമെന്ന ആത്മവിശവാസത്തിലാണ് യു.ഡി.എഫുള്ളത്. പലയിടത്തും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ജാഥയ്ക്ക് പ്രത്യേകമായ ഒരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല.
യുഡിഎഫ് പ്രചാരണത്തിന് തുടക്കമായി
എന്നിട്ടും ജാഥയിലെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കാന്‍ ജനങ്ങളെത്തിയത് യു.ഡി.എഫിന് ഗുണകരമാകുമെന്ന വിലയിരുത്തലാണുള്ളത്. വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് തുടങ്ങിക്കഴിഞ്ഞെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. അത്തരം ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ജാഥയ്ക്ക് കഴിഞ്ഞുവെന്നും മുന്നണി നേതൃത്വം വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി സതീശന് ഇത് രണ്ടാം ജാഥയാണെങ്കിലും അദ്ദേഹം നയിക്കുന്ന ആദ്യ ജാഥയെന്ന പ്രത്യേകതയുമുണ്ട്. ലീഡര്‍ എന്ന നിലയില്‍ സതീശന് കേരളത്തിന്റെ പൊതുസമൂഹം അംഗീകാരം നല്‍കിയെന്നാണ് കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളെ ആര് അഭിസംബോധന ചെയ്യുമെന്ന സന്ദേശവും ജാഥ നല്‍കുന്നുണ്ട്. യു.ഡി.എഫ് നടത്തിയ ജാഥയെ ഗൗരവമായാണ് ഇടതുമുന്നണിയും കാണുന്നത്. കഴിഞ്ഞ രണ്ട് വട്ടവും തങ്ങള്‍ക്കൊപ്പം നിന്ന മലയോരമേഖലയിലെ മാറ്റവും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ജാഥയ്ക്കു മുന്‍പേ ആദ്യ വിജയം
ജാഥ തുടങ്ങും മുമ്പ് തന്നെ അപകടം മനസിലാക്കിയ സര്‍ക്കാര്‍ വനനിയമഭേദഗതി പിന്‍വലിച്ച് ഇതിന്റെ പ്രാധാന്യം ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കം നടത്തിയിരുന്നു.
എന്നാല്‍ മലയോര ജനതയുടെ നിത്യജീവിതത്തിലെ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ച യു.ഡി.എഫ് ജാഥയില്‍ ഇക്കാര്യങ്ങള്‍ പരമാവധി ഉന്നയിക്കുക കൂടി ചെയ്തതതോടെ അവര്‍കൂടി ജാഥ ശ്രദ്ധിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു.
ജാഥയിലേക്കുള്ള പി.വി അന്‍വറിന്റെ കടന്നു വരവും എല്‍.ഡി.എഫിന് ക്ഷീണമായേക്കും. ജാഥ തുടങ്ങും മുമ്പ് വയനാട്ടിലെ രാധ കടുവയാക്രമണത്തില്‍ മരിച്ചതില്‍ സര്‍ക്കാരിന് ഉത്തരം മുട്ടുകയും തുടര്‍ന്ന് വനംമന്ത്രി ഫാഷന്‍ ഷോയിലെത്തി ഗാനമാലപിച്ചത് സര്‍ക്കാരിന് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ജാഥയ്ക്കു പ്രസക്തി വര്‍ധിക്കാന്‍ ഇതും കാരണമായി.
'കാറ്റഗറി' യാത്ര ആദ്യം
മേഖല തിരിച്ചുള്ള സമര യാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം. 40 - 44 നിയമസഭാ മണ്ഡലങ്ങളില്‍ മലയോര മേഖലയുണ്ട്. അത്രയും മണ്ഡലങ്ങളില്‍ ങഅച അചകങഅഘ ഇഛചഎഘകഇഠ വലിയ വിഷയമാണ്.
അതിനാല്‍ തന്നെ രാവിലത്തെ സ്വീകരണ യോഗങ്ങളില്‍ പോലും വലിയ ജനപങ്കാളിത്തമുണ്ടായി. ഒരു പ്രത്യേക മേഖലയിലെ വിഷയം പ്രതിനിധീകരിച്ചു എന്നത് കൊണ്ടും ഇതേ വിഷയം നേരത്തെ പലവട്ടം നിയമസഭയില്‍ ഉന്നയിച്ചു എന്നതു കൊണ്ടും യു.ഡി.എഫിന് രാഷ്ട്രീയമായി നേട്ടമാണ് യാത്ര.
ക്രിസ്ത്യന്‍ സഭകള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയമാണ് വനാതിര്‍ത്തിയിലെ സംഘര്‍ഷമെന്നതു കൊണ്ട് ജാഥയിലൂടെ ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് കൂടി യു.ഡി.എഫിന് സാധ്യമായി. വിവിധ സഭകള്‍ ജാഥയോട് അങ്ങേയറ്റം സഹകരിക്കുകയും പിന്തുണക്കുകയും ചെയ്തു.
ആരാണ് ലീഡര്‍ ?
കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെന്ന നരേറ്റീവ് മാറി മലയോര സമരയാത്ര നേതൃനിരയില്‍ ഐക്യ അന്തരീക്ഷമുണ്ടാക്കി. ഇത് അണികളിലേക്കും എത്തിക്കാനായി.
എല്ലാ നേതാക്കളും വിവിധ ഇടങ്ങളില്‍ യാത്രയില്‍ പങ്കാളിയായി. നിലമ്പൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയില്‍ ഐക്യാന്തരീക്ഷം ഉണ്ടാക്കാനായി.
യു.ഡി.എഫ് ഘടക കക്ഷികളും ജാഥയുടെ വിജയത്തിനായി കൂട്ടായി രംഗത്തെത്തിയതോടെ മുന്നണി കൂട്ടായ്മയുടെ ആഴം കൂട്ടാനും ജാഥ ഉപകരിച്ചു.
കേരളം മുഴുവന്‍ സഞ്ചരിക്കുന്ന ഒരു യാത്രയെന്ന കണ്‍സപ്റ്റില്‍ നിന്ന് മാറി ഓരോ മേഖലകള്‍ അല്ലെങ്കില്‍ വിഭാഗങ്ങളെ അഡ്രസ് ചെയ്യണമെന്ന ആശയം തുടരാനുള്ള ഊര്‍ജം നല്‍കുന്നത് കൂടിയായിരുന്നു മലയോര സമര യാത്ര.