/sathyam/media/media_files/2025/12/13/kc-venugopal-vd-satheesan-ramesh-chennithala-2025-12-13-13-00-21.jpg)
തിരുവനന്തപുരം: അഞ്ചു മാസത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയതോടെ മൂന്നാം തുടർഭരണമെന്ന എൽ.ഡി.എഫ് സ്വപ്നം പൊലിയുകയാണ്.
അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത്. ശബരിമല സ്വർണക്കൊള്ള, നേതാക്കളുടെ ധാർഷ്ട്യം, നേരിടുന്ന അഴിമതി ആരോപണങ്ങൾ എന്നിവയെല്ലാം ജനവിധിയെ സ്വാധീനിച്ചു.
ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളുമെല്ലാം പിടിച്ചെടുത്ത് എൽ.ഡി.എഫിനെ ഞെട്ടിച്ചിരിക്കുകയാണ് യു.ഡി.എഫ്. ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും വാരിക്കോരി പ്രഖ്യാപിച്ചെങ്കിലും സർക്കാർ ജീവനക്കാർക്കിടയിലെ അവമതിപ്പും ശബരിമല സ്വർണ്ണതട്ടിപ്പ് ഉണ്ടാക്കിയ ക്ഷതവും ഇടതുമുന്നണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി.
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ക്ഷേമപെൻഷൻ 2000 രൂപയാക്കിയതും വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതുമൊന്നും ജനവിധിയെ സ്വാധീനിച്ചില്ല.
പണം നൽകി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന പ്രചാരണം യു.ഡി.എഫ് നടത്തിയതോടെ സർക്കാരിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു.
ആനുകൂല്യങ്ങൾ വാങ്ങിയശേഷം ജനങ്ങൾ പണി തന്നെന്നായിരുന്നു മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.എം.മണിയുടെ പ്രതികരണം. ജനവിധി അത്രമേൽ ഇടത് മുന്നണിയെയും നേതാക്കളെയും ഞെട്ടിച്ചെന്നതിന്റെ പ്രതികരണമായിരുന്നു ഇത്.
/filters:format(webp)/sathyam/media/media_files/lz5U1rl2MVgx9fbXfvhr.jpeg)
തദ്ദേശതിരഞ്ഞെടുപ്പ് ഫലം അതേപടി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന മുൻകാല ചരിത്രങ്ങൾ ആവർത്തിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്.
സി.പി.എമ്മിന്റെ കോട്ടയായ കൊല്ലത്ത് സി.പി.എമ്മിന്റെ വീഴ്ച കനത്തതാണ്. കോർപറേഷൻ ഭരണം തലസ്ഥാനം കൈവിട്ടു. ഇനിയങ്ങോട്ട് കേരള രാഷ്ട്രീയത്തിൽ പുതിയ അടവുകളുടെയും ചുവടുകളുടെയും തുടക്കമാവും.
നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, പ്രത്യേകിച്ച് ജില്ലാ പഞ്ചായത്ത്, കോർപ്പറേഷനുകൾ, നിലവിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ പ്രതിഫലനമാവും.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മുന്നണികളിലും വൻമാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്താൻ സാദ്ധ്യതയേറെയാണ്.
തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി കിട്ടിയാൽ ഭാവി ഇരുളുമെന്ന ആശങ്ക കേരള കോൺഗ്രസ് മാണിക്കുണ്ട്. നിരവധി ചെറുപാർട്ടികളും യു.ഡി.എഫിലേക്കെത്തിയേക്കാം.
കെട്ടുറപ്പെന്നൊക്കെ പുറംമോടി പറയുന്നുണ്ടെങ്കിലും മുന്നണികളിൽ ചില്ലറ പുകച്ചിലൊക്കെയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണികൾ കാട്ടിയ ആവേശവും ആശങ്കയും ഇതിന്റെ ഭാഗമാണ്.
മുന്നണി വികസനം എന്ന് കുറേ നാളായി യു.ഡി.എഫ് പറയുന്നുണ്ട്. ഇടതു പക്ഷത്തോട് ഒട്ടി നിൽക്കുന്ന ചില ചെറുകക്ഷികൾ യു.ഡി.എഫ് നേതൃത്വവുമായി അനൗദ്യോഗികമായി സംസാരങ്ങൾ നടത്തിയെന്നാണ് അറിയുന്നത്.
പുറമെ പറയുന്നില്ലെങ്കിലും തങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന പരിഭവം ഇവർക്കുണ്ട്. യു.ഡി.എഫിൽ ഇങ്ങനെ തുടരുകയും അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരികയും ചെയ്താൽ തങ്ങൾ അപ്രസക്തരാവുമെന്ന് ആശങ്കപ്പെടുന്ന ചിലർ യു.ഡി.എഫിലുണ്ട്.
എൻ.ഡി.എയുടെ പ്രധാന കൂട്ടുകക്ഷിയായ ബി.ഡി.ജെ.എസ് ചില വിഷയങ്ങളിൽ ബി.ജെ.പിയുമായി അത്ര രസത്തിലുമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us