കോഴിക്കോട് ബാലുശേരിയില്‍ 870 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി യൂണിബൗണ്ട് കാറ്റലിസ്റ്റ്

New Update
ksidc

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ടൂറിസം, വിദ്യാഭ്യാസ മേഖലകളില്‍ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുമായി യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്. പദ്ധതിയുടെ വിശദറിപ്പോര്‍ട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചു.

Advertisment

 പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അമ്യൂസ്മെന്‍റ് പാര്‍ക്ക്, ദേശീയ സര്‍വ്വകലാശാലകളുടെ സ്പോര്‍ട്ട്സ് ഇന്‍റഗ്രേറ്റഡ് വിദ്യാഭ്യാസ പാര്‍ക്ക്, വെല്‍നസ് ഹബ്ബ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂര്‍ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്.

ടൂറിസം, വിദ്യാഭ്യാസം, വെല്‍നസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങള്‍ പദ്ധതിയിലൂടെ യാഥാര്‍ത്യമാകും. 2000 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ഘട്ടത്തിലേക്ക് ഉടന്‍ കടക്കുമെന്ന് കമ്പനി ഡയറക്ടര്‍മാരായ ഡോ. സന്ദീപ് വി. ഏലിയാസും എം.പി. സുഹൈല്‍ ഗഫൂറും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇ.എസ്.ജി നയത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
 
സംസ്ഥാനത്തെ വ്യവസായ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപകര്‍ തയ്യാറാവുന്നതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇത്തരം നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ഇ.എസ്.ജി നയത്തിന്‍റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Advertisment