മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ നിരാശ സംസ്ഥാനത്തെ ബിജെ.പി മുന്നേറ്റത്തിനു തിരിച്ചടി ? ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാഴ്‌വാക്കുകള്‍. ബജറ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി എല്‍.ഡി.എഫും യു.ഡി.എഫും

കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എം.പിയെ കൊടുത്താല്‍ പരിഗണിക്കുമെന്നതു വെറുതെയായി എന്ന പ്രചാരണമായിരിക്കും വരും ദിവസങ്ങളില്‍ ഉയര്‍ന്നു വരുക

New Update
nirmala sitharaman narendra modi

കോട്ടയം: കേരളത്തിനു സമ്പൂര്‍ണ നിരാശ സമ്മാനിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതിസന്ധിയിലായി ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും. ജയിച്ചാല്‍ കേരളത്തിലേക്കു എയിംസ് കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയ സുരേഷ് ഗോപിയും ഏറെ പ്രതീക്ഷയര്‍പ്പിച്ച ജോര്‍ജ് കുര്യനുമെല്ലാം കേരളത്തിലെ ജനങ്ങളോട് എന്തു പറയുമെന്നു കാത്തിരുന്ന കാണേണ്ടതാണ്.

Advertisment

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ഉണ്ടായ നേട്ടത്തിന്റെ ശോഭകെടുത്തുന്നതാണു ബജറ്റ് സമ്മാനിച്ച നിരാശ. കേന്ദ്ര ഭരണം നില നിര്‍ത്താന്‍ ആന്ധ്രാ, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കു പദ്ധതികള്‍ വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിനു സമ്പൂര്‍ണ നിരാശയാണ്.


പ്രത്യേക പദ്ധതികള്‍ ഒന്നും ഇല്ലെന്ന്‌ മാത്രമല്ല പ്രതീക്ഷിച്ച എയിംസ്, റബര്‍ മേഖലയ്ക്കുള്ള കൈത്താങ്ങ്, റെയില്‍വേ വികസനം ഒന്നും ബജറ്റില്‍ കണ്ടില്ല. 


വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നു പലരും കരുതിയിരുന്നു. പ്രളയ സഹായം പ്രഖ്യാപിച്ച കൂട്ടത്തിലും കേരളം ഉള്‍പ്പെട്ടില്ല. രണ്ടു സഹമന്ത്രിമാര്‍ സംസ്ഥാനത്തുനിന്ന് ഉള്ള സാഹചര്യത്തില്‍ ടൂറിസം രംഗത്തും റെയില്‍വേ രംഗത്തും വലിയ പ്രതീക്ഷകളാണു കേരളത്തിന് ഉണ്ടായിരുന്നത്. എന്നാല്‍, ഒരു പ്രഖ്യാപനവും ഉണ്ടായില്ല.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 5,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്,  കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയില്‍വേ സംവിധാനങ്ങളുടെ നവീകരണം, എയിംസ്, റബറിന്റെ താങ്ങുവില ഉയര്‍ത്തല്‍ എന്നിവയും കേരളം ആവശ്യപ്പെട്ട പട്ടികയിലുണ്ടായിരുന്നെങ്കിലും നിരാശയാണു ഫലം.


ഇതിനോടകം തന്നെ കേരളത്തിലെ എല്‍.ഡി.എഫ് യു.ഡി.എഫ് നേതൃത്വങ്ങള്‍ കടുത്ത ഭാഷയിലാണു ബജറ്റിനെ വിമര്‍ശിക്കുന്നത്. ആന്ധ്രാ- ബീഹാര്‍ സംസ്ഥാനങ്ങളുടെ സംസ്ഥാന ബജറ്റായി കേന്ദ്രബജറ്റ് മാറിയെന്നു ഇരു മുന്നണികളും ഒരേ സ്വരത്തില്‍ പറയുന്നു.


സംസ്ഥാനത്തിന്റെ ഒരു താല്‍പര്യവും സംരക്ഷിക്കാത്ത കേരളവിരുദ്ധമായ ബജറ്റാണിതെന്നാണു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്. അങ്ങേയറ്റും പ്രതിഷേധവും വിഷമവുമുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി രൂപീകരിക്കേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റ ആരോഗ്യത്തിനും ആയുസിനും വേണ്ടി മാത്രം നടത്തിയ പൊളിറ്റിക്കല്‍ ഗിമ്മിക്ക് ആയി മാറി.

സ്വന്തം മുന്നണിയുടെ താല്‍പര്യം സംരക്ഷിക്കാനായി ചില പ്രദേശത്തിനു മാത്രം പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണെന്നും ധനമന്ത്രി പറഞ്ഞു.

കേരളം ഇന്ത്യയില്‍ അല്ല എന്ന പോലെയാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും രണ്ടു സംസ്ഥാനങ്ങള്‍ക്കു മാത്രമായുള്ള ബജറ്റാണു ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പോകുമെന്നുമാണു റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞത്.

ബജറ്റിലെ ആനുകൂല്യത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഒന്നുമില്ലെന്നു മനസിലാകുമെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും  പ്രതികരിച്ചു. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എം.പിയെ കൊടുത്താല്‍ പരിഗണിക്കുമെന്നതു വെറുതെയായി. കേരളത്തെ ബജറ്റില്‍ പരാമര്‍ശിച്ചു പോലുമില്ല. സുരേഷ് ഗോപി വാഗ്ദാനം ചെയ്തപോലെ എയിംസിന്റെ വിഷയത്തില്‍ ഒരു പ്രതികരണവും ഉണ്ടായില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റില്‍ ചിറ്റമ്മ നയം സ്വീകരിച്ചുവെന്നും പ്രേമചന്ദ്രന്‍ പറയുന്നു. കേരളത്തിന് എയിംസ് കിട്ടിയില്ലെന്ന കാര്യം സുരേഷ്‌ ഗോപിയോട് ചോദിച്ചപ്പോള്‍ ''ആരോപിച്ചോട്ടെ'' എന്നു മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി.

കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എം.പിയെ കൊടുത്താല്‍ പരിഗണിക്കുമെന്നതു വെറുതെയായി എന്ന പ്രചാരണമായിരിക്കും വരും ദിവസങ്ങളില്‍ ഉയര്‍ന്നു വരുക. കേരളം നേരിടുന്ന അവഗണ ഒരു പരിധിവരെ ബി.ജെ.പി. നേടിയ മുന്നേത്തിന്റെ മാറ്റു കുറയ്ക്കാന്‍ കാരണമാകും.

മറു പ്രതിരോധവുമായി ബി.ജെ.പി നേതാക്കള്‍ വന്നാലും ഒരു പ്രത്യേക പദ്ധതി പോലും കേരളത്തിനു ലഭിച്ചില്ലെന്നു നല്ലൊരു വിഭാഗത്തെ   മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും. വരാനിരിക്കുന്ന തദ്ദേശ -  നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതു ബി.ജെ.പിക്കു വോട്ടു കുറയുന്നതിനു കാരണമാകുമെന്നുറപ്പാണ്.

Advertisment