ബജറ്റിലെ അവഗണനയിൽ പ്രതിരോധത്തിലായി ബിജെപി സംസ്ഥാന നേതൃത്വം; ലോക്‌സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് ആദ്യമായി അക്കൗണ്ട് തുറന്നതിന് പിന്നാലെയുളള ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന വിമർശനത്തിന് മുന്നിൽ ഉത്തരംമുട്ടി നേതാക്കൾ; എയിംസ് വരിക തന്നെ ചെയ്യുമെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ ദുർബല പ്രതിരോധം; ബിജെപിയ്ക്ക് ഒരക്കൗണ്ട് തുറന്നപ്പോള്‍ ബജറ്റില്‍ കേരളത്തിന്റെ അക്കൗണ്ട് പൂട്ടപ്പെട്ടു എന്ന് പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

എടുത്ത് പറയാനും ഉയർത്തി കാട്ടാനും കേരളത്തിനായി ഒരു പദ്ധതി പോലുമില്ലാത്തത് പ്രതിരോധിക്കാൻ ഇറങ്ങുന്ന എല്ലാവരുടെയും വായടപ്പിക്കുന്നതാണ്

New Update
suresh gopi kn balagopal

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നശേഷമുളള ആദ്യ ബജറ്റിൽ തന്നെ സംസ്ഥാനത്തെ അവഗണിച്ചെന്ന വിമർശനത്തിൽ പ്രതിരോധത്തിലായി ബി.ജെ.പി ഘടകം. രണ്ട് പ്രബല മുന്നണികളെയും തോൽപ്പിച്ച് തൃശൂരിൽ നിന്ന് ‍ജയിച്ച് കയറിയതിന് നൽകിയ സമ്മാനമാണോ ഈ അവഗണന എന്ന ചോദ്യമാണ് ബി.ജെ.പി സംസ്ഥാന ഘടകത്തെ പ്രതിരോധത്തിലേക്ക് തളളിവിടുന്നത്.

Advertisment

തൃശൂരിനോ സംസ്ഥാനത്തിനോ വേണ്ടി പ്രത്യേകിച്ച് ഒരു പ്രഖ്യാപനവും നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റിലില്ല. കേരളമെന്ന പേര് പോലും ബജറ്റിൽ കാര്യമായി പരാമർശിക്കുന്നില്ലെന്ന വിമർശനമാണ് സംസ്ഥാനത്ത് നിന്നുളള ഇടത്-വലത് എം.പിമാർ ഉന്നയിക്കുന്നത്.

സംസ്ഥാനത്തിൻെറ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരെ കേന്ദ്രസർ‍ക്കാർ കണ്ണടച്ചെന്ന വിമർശനമാണ് അവർ ഒറ്റയ്ക്കും കൂട്ടായും ഉയർത്തുന്നത്. 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനായുളള 5000 കോടിയുടെ പാക്കേജ്, എയിംസ് എന്നിങ്ങനെ സംസ്ഥാനം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളോടും മുഖം തിരിഞ്ഞുനിൽക്കുന്നതാണ് ബജറ്റിൻെറ പൊതു സമീപനം.

രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 2 ലക്ഷം കോടി രൂപ നീക്കി വെച്ചതും അടുത്ത 5 വർഷത്തിനുളളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ സംരംഭരാക്കി മാറ്റുമെന്നുമുളള പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുളള നേതാക്കൾ വിമർശനങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.


എന്നാൽ എടുത്ത് പറയാനും ഉയർത്തി കാട്ടാനും കേരളത്തിനായി ഒരു പദ്ധതി പോലുമില്ലാത്തത് പ്രതിരോധിക്കാൻ ഇറങ്ങുന്ന എല്ലാവരുടെയും വായടപ്പിക്കുന്നതാണ്. കേരളത്തിനോട് കേന്ദ്രബജറ്റ് അവഗണന കാട്ടിയിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം.


യുവാക്കൾക്ക് തൊഴിലവസരം നൽകാൻ പ്രഖ്യാപിച്ച പദ്ധതികൾ കേരളത്തിനും പ്രയോജനം ചെയ്യും. കേരളത്തിലുമില്ലേ യുവാക്കളും വനിതകളും എന്നാണ് സുരേഷ് ഗോപിയുടെ മറുചോദ്യം. കേരളത്തിൻെറ ദീർഘകാല ആവശ്യമായ എയിംസ് വരിക തന്നെ ചെയ്യും, വന്നിരിക്കും എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

എയിംസിന് വേണ്ടി സംസ്ഥാനം മതിയായ സ്ഥലം നൽകിയിട്ടില്ല. കോഴിക്കോട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്ന 150 ഏക്കർ പര്യാപ്തമല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തിന് കേന്ദ്രമന്ത്രിമാരെ മാത്രമാണ് കിട്ടിയതെന്ന പ്രതിപക്ഷത്തിൻെറ പരിഹാസത്തെ സുരേഷ് ഗോപി തളളിക്കളഞ്ഞു. ഇതേപ്പറ്റിയുളള ചോദ്യത്തിന് പ്രതിപക്ഷം അങ്ങനെ ആരോപിച്ചോട്ടെ എന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി.

ബജറ്റ് സംസ്ഥാനത്തെ അവഗണിച്ചെന്ന വിമർശനം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളേപ്പോലെ തന്നെ സുരേഷ് ഗോപിയേയും പ്രതിരോധത്തിലേക്ക് തളളിവിടുന്നുണ്ട്. കേരളത്തിൽ നിന്ന് ഒരാളെയെങ്കിലും ജയിപ്പിക്കു, അപ്പോൾ അറിയാം കേന്ദ്ര സർ‍ക്കാർ കേരളത്തെ എങ്ങനെ പരിഗണിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം പറഞ്ഞത്.


എന്നാൽ പേരിന് പോലുമൊരു പദ്ധതി തൃശൂരിനോ കേരളത്തിനോ  ആയി ബജറ്റിലില്ല. ഗുരുവായൂർ പ്രശസ്തമായ തീർത്ഥാടന കേന്ദ്രത്തിനായെങ്കിലും പ്രത്യേക പദ്ധതി പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. കേരളത്തിൽ നിന്ന് എം.പി ഉണ്ടായപ്പോൾ ഇത്തരത്തിലാണോ പരിഗണിക്കുന്നത് എന്ന ചോദ്യമാണ് സുരേഷ് ഗോപിക്ക് നേരെയും ഉയരുന്നത്.


സംസ്ഥാന ധന മന്ത്രി കെ.എൻ.ബാലഗോപാലും ബജറ്റിനോടുളള പ്രതികരണത്തിൽ ഈ ചോദ്യം ഉന്നയിച്ചിരുന്നു. ബി.ജെ.പിയ്ക്ക് ഒരു അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കിയാല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് നേതാക്കള്‍ കേരളത്തില്‍ പ്രചരിപ്പിച്ചത്.  പ്രധാനമന്ത്രി ഏഴ് തവണ ഇവിടെ എത്തി ഇതേ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.  എന്നാല്‍ ബി.ജെ.പിയ്ക്ക് ഒരക്കൗണ്ട് തുറന്നപ്പോള്‍ ബജറ്റില്‍ കേരളത്തിന്റെ അക്കൗണ്ട് പൂട്ടപ്പെട്ടു എന്നതാണ് ജനങ്ങള്‍ക്ക് കിട്ടിയ സമ്മാനമെന്ന് ബാലഗോപാൽ പരിഹസിച്ചു.

 രാജ്യത്തിൻെറ സാമ്പത്തിക ഉന്നമനമല്ല, മോദി സർക്കാരിൻെറ ആയുസും ആരോഗ്യവും നിലനിർത്തുകയാണ് ബജറ്റിൻെറ ഉദ്ദേശമെന്നും കെ.എൻ. ബാലഗോപാൽ വിമർശിച്ചു.

Advertisment