കേന്ദ്രപദ്ധതികളിൽ 'ഒത്തുതീർപ്പ്' നയതന്ത്രം; കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും: തോമസ് ഐസക്

New Update
thomas issa

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതികളായ ആയുഷ്മാൻ ഭാരത്, പിഎം ശ്രീ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ചതും ഇനി സ്വീകരിക്കാൻ പോകുന്നതുമായ നിലപാടുകളെക്കുറിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് വിശദീകരണം നൽകി. കേന്ദ്രത്തിൻ്റെ നയങ്ങളെ എതിർക്കുമ്പോൾ തന്നെ, ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന 'ഒത്തുതീർപ്പ്' നയതന്ത്രമാണ് കേരളം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Advertisment

"ഒന്നുകിൽ വേണ്ടെന്ന് വെക്കുക, അല്ലെങ്കിൽ കീഴടങ്ങുക എന്ന കടുംപിടിത്തം ഫെഡറൽ രാജ്യത്ത് പ്രായോഗികമല്ല," എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. ആയുഷ്മാൻ ഭാരതിൽ വരുത്തിയ 'കേരള മോഡൽ' മാറ്റങ്ങൾ
ഇൻഷുറൻസ് അധിഷ്ഠിത ആരോഗ്യപരിപാലന രീതികളോട് കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ എക്കാലത്തും എതിരായിരുന്നു. എന്നാൽ, ദേശീയ ആരോഗ്യ മിഷൻ (NHM) ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് സ്കീം സംസ്ഥാനം ഏറ്റെടുത്തു. എതിർപ്പ് നിലനിർത്തിക്കൊണ്ടു തന്നെ പദ്ധതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയതിനെപ്പറ്റി തോമസ് ഐസക് വിശദീകരിച്ചു:

 * സ്വകാര്യ ആശുപത്രികളുടെ നിയന്ത്രണം: സർക്കാർ പണം സ്വകാര്യ ആശുപത്രികൾക്ക് കൈമാറുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായി, ഓരോ ചികിത്സാ ഇനത്തിനുമുള്ള ഇൻഷുറൻസ് തുക സംസ്ഥാനം താഴ്ത്തി നിശ്ചയിച്ചു. ഇതോടെ കനത്ത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്ന് വിട്ടുനിന്നു.

 * സർക്കാർ ആശുപത്രികളുടെ വികസനം: സർക്കാർ ആശുപത്രികൾക്ക് ഇൻഷുറൻസായി ലഭിക്കുന്ന തുക സർക്കാരിലേക്ക് അടയ്‌ക്കേണ്ടതിനു പകരം അതത് ആശുപത്രികളുടെ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി. ഇത് മികച്ച സേവനം നൽകാൻ സർക്കാർ ആശുപത്രികൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടാക്കി.

 * വിപുലീകരണം: കേന്ദ്ര പദ്ധതി ബിപിഎൽ കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ, ആരോഗ്യ കാർഡുള്ള മറ്റു 20 ലക്ഷത്തോളം കുടുംബങ്ങൾക്കുകൂടി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേരളം തീരുമാനിച്ചു.

PM SHRI: 5000 കോടി വേണ്ടെന്ന് വയ്ക്കാനാകില്ല
ആർ.എസ്.എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, എന്നാൽ 5000 കോടി രൂപയുടെ ഫണ്ട് വേണ്ടെന്ന് വയ്ക്കാൻ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ PM SHRI പദ്ധതിയിൽ ഒപ്പുവെക്കേണ്ടി വരും.
ആയുഷ്മാൻ ഭാരതിൽ ചെയ്തതുപോലെ, ഈ പദ്ധതിയിലും പൊതുവിദ്യാഭ്യാസ സംബ്രദായത്തിൽ ഊന്നിക്കൊണ്ടുള്ള മതേതര വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള ബദൽ 'കരുക്കൾ' സംസ്ഥാനം കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.

"ഒരു കാര്യത്തിൽ ഉണ്ടാക്കുന്ന ഒത്തുതീർപ്പ്, നയം മാറ്റവും കീഴടങ്ങളുമായി തെറ്റിദ്ധരിക്കേണ്ടതില്ല. ഫെഡറൽ രാജ്യത്ത് സംസ്ഥാനങ്ങൾക്കുള്ള പരിമിതികൾക്കുള്ളിൽ നിന്നാണ് നാം ബദലുകൾ ഉയർത്തുന്നത്," തോമസ് ഐസക് തൻ്റെ കുറിപ്പ് ഉപസംഹരിച്ചു.

Advertisment