സ്കൂളിന്റെ അവസ്ഥ കണ്ടപ്പോൾ മോഹൻലാലിന്റെ കണ്ണുനിറഞ്ഞു; മുണ്ടക്കൈ എൽപി സ്കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ പുനർനിർമ്മിച്ച് നൽകുമെന്ന് മേജർ രവി

New Update
Mohanlal major ravi

വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിച്ച് നൽകുമെന്ന് മേജർ രവി. ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർമാരിൽ ഒരാളാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷൻ വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളുടെ പുനരധിവാസ പദ്ധതിക്കായി 3 കോടി നൽകുമെന്ന ലഫ്. കേണൽ മോഹൻലാലിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് മേജർ രവിയുടെ പ്രഖ്യാപനം. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ മനസ്സിലാക്കുകയായിരുന്നു ഇരുവരും.

Advertisment

മുണ്ടക്കൈ മേഖല സന്ദർശിക്കവെ ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ കണ്ട് മോഹൻലാലിന്റെ കണ്ണ് നിറയുന്നത് കാണാൻ ഇടയായെന്നും മുണ്ടക്കൈ എൽപി സ്കൂളിന്റെ പുനരുദ്ധാരണവും വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുന്നുവെന്നും മേജർ രവി പറഞ്ഞു. വളരെയധികം മനുഷ്യ സ്‌നേഹികളായ വ്യക്തികൾ വിശ്വശാന്തി ഫൗണ്ടേഷനിലുണ്ട്. ഫൗണ്ടേഷൻ നൽകുന്ന 3 കോടിയിൽ അവരുടെയെല്ലാം സംഭാവനകളുമുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് മോ​ഹൻലാലും മേജർ രവിയും വയനാട്ടിലെത്തിയത്. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ദുരന്തമുഖത്തേക്കുള്ള സന്ദർശനം. വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും മോഹൻലാൽ കഴിഞ്ഞ ദിവസം സംഭാവന നൽകിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ, ഫൗണ്ടേഷൻ അത് നൽകുമെന്നും മോഹൻലാൽ വ്യക്തമാക്കി

Advertisment