എറണാകുളം അങ്കമാലി അതിരൂപതയിൽ വീണ്ടും വിമത വൈദീകരുടെ അച്ചടക്ക ലംഘനം. അതിരൂപതയിൽ നിന്ന് നൽകിയ ഡയറികൾ വിമത വൈദീകർ വലിച്ചെറിഞ്ഞു ! സഭയിലെ സമാധാന അന്തരീക്ഷം തകർത്ത് ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിൽ വിശ്വാസികൾ പ്രതിഷേധത്തിൽ. വൈദീകർക്കെതിരെ നടപടി വേണമെന്ന് ആവശ്യം
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ വീണ്ടും വിമത വൈദീകരുടെ അച്ചടക്ക ലംഘനം. കൂരിയ അനുവാദം നിഷേധിച്ച യോഗം വിളിച്ചും അതിരൂപതാ കേന്ദ്രത്തിൽ നിന്നു നൽകിയ ഡയറി വലിച്ചെറിഞ്ഞുമാണ് വിമത വൈദീകർ സഭയേയും വിശ്വാസികളെയും വെല്ലുവിളിച്ചത്.
Advertisment
മഞ്ഞപ്ര മാര്‍ശ്ലീവ ഫൊറോന പള്ളിയിലെ അസിസ്റ്റന്‍റ് വികാരി ഫാ. ജെഫ് പൊഴേലിപറമ്പിലിനെതിരെ ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരിൽ നേരത്തെ അതിരൂപത നടപടിയെടുത്തിരുന്നു. വിശ്വാസികൾ ഈ നടപടിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
കുർബാനയ്ക്കിടെ വികാരിയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു അസി.വികാരി ചെയ്തത്. വിമത വിഭാഗത്തിന്റെ പിന്തുണയുള്ള വൈദീകനാണ് സഹ വികാരി.
ഈ നടപടിയിൽ പ്രതിഷേധിക്കാനാണ് പലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ വിമത വൈദികർ യോഗം ചേരാൻ തീരുമാനിച്ചത്.
പാലാരിവട്ടം പള്ളിയില്‍ വൈദികയോഗം നടക്കുന്നതിനെതിരെ അവിടുത്തെ വികാരി ഫാ. തോമസ് വാളൂക്കാരന് അതിരൂപത അഡ്മിനിസ്ട്രേറ്റർ മാര്‍ പുത്തൂരും കൂരിയാ നേതൃത്വവും അനുമതി നിഷേധിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇവർ യോഗം ചേർന്നത്.
യോഗത്തിന് ശേഷം രൂപതയിൽ നിന്ന് നൽകിയ ഡയറികൾ ബിഷപ്പ് ഹൗസിന് മുന്നിൽ വലിച്ചെറിഞ്ഞു. വിരലിലെണ്ണാവുന്ന വൈദീകർ മാത്രമാണ് പ്രതിഷേധത്തിനെത്തിയത്. പരസ്യമായി പോലീസിനെയും വെല്ലുവിളിച്ചായിരുന്നു വിമതരുടെ ഈ പ്രകടനം. മുതിർന്ന വൈദീകരാണ് ഈ അച്ചടക്ക ലംഘനം നടത്തിയത്.
ഇവർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് വിശ്വാസികളും വൈദീകരും ഒരുപോലെ പറയുന്നത്. നിലവിൽ സഭയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയാണ് വിമതരുടെ നീക്കത്തിന് പിന്നിലുള്ളതെന്നാണ് സൂചന.