പി.പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം ലഭിക്കില്ലെന്ന് വിലയിരുത്തൽ. എങ്കിലും കീഴടങ്ങില്ല. പകരം ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനായി അഭിഭാഷകനെ ചുമതലപ്പെടുത്തി. ഇനിയും അറസ്റ്റ് വൈകിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

New Update
pp divya-2

കണ്ണൂർ : എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ ഇന്ന് മുൻകൂർ ജാമ്യം നിഷേധിച്ചാൽ പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കാൻ ഒരുക്കം തുടങ്ങി. തലശ്ശേരി സെഷൻസ് കോടതി ഇന്ന് മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിച്ചാൽ ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ ദിവ്യ തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു.

Advertisment

ഇന്ന് കോടതി മുൻകൂർ ജാമ്യം നിരസിച്ചാൽ ഹൈക്കോടതിയെ സമീപിക്കാൻ ദിവ്യ  അഭിഭാഷകനെ സമീപിച്ചു കഴിഞ്ഞു. പൊതുസമൂഹത്തിൽ വലിയ ചർച്ചാ വിഷയമായ കേസ് ആയതിനാൽ ജാമ്യം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല.


 

പ്രോസിക്യൂഷന് പുറമേ നവീൻ ബാബുവിന്റെ ഭാര്യയും ജാമ്യ അപേക്ഷയെ എതിർത്ത് കോടതിയെ സമീപിച്ചിരുന്നു.  നവീൻ ബാബുവിന് മാനനഷ്ടം ഉണ്ടാക്കുന്ന തരത്തിൽ ദിവ്യ 
യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും തെളിവായി കോടതിയുടെ മുന്നിലുണ്ട്. യോഗത്തിൽ നവീൻ ബാബുവിനെതിരെ സംസാരിക്കാൻ കരുതിക്കൂട്ടി വന്ന പി പി ദിവ്യ, പ്രസംഗം ചിത്രീകരിക്കാൻ വീഡിയോഗ്രാഫറെ പ്രത്യേകം ചുമതലപ്പെടുത്തിയതാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

 ദിവ്യ തന്നെ ഇത് പ്രചരിപ്പിച്ചതിനും തെളിവുകളുണ്ട്. ഈ സാഹചര്യം പരിഗണിക്കുമ്പോൾ ജാമ്യം ലഭിക്കാൻ ഇടയില്ലെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് സെഷൻസ് കോടതിയിലേ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. സിപിഎമ്മിന്റെ കണ്ണൂരിലെ എല്ലാ കേസുകളും കൈകാര്യം ചെയ്യുന്ന കെ. വിശ്വനാണ് തലശ്ശേരി സെഷൻസ് കോടതിയിൽ ദിവ്യയ്ക്ക് വേണ്ടി 
ഹാജരായത്.


നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ കുടുംബത്തിനൊപ്പം ആണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ദിവ്യയ്ക്ക് പാർട്ടി സഹായമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് കൂട്ടാക്കിയിട്ടില്ല. ഇതും സർക്കാർ ഒപ്പമുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണ്.


 പാർട്ടി കുടുംബമായ നവീൻ ബാബുവിന് നീതി കിട്ടണമെന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യം അവഗണിച്ചാണ് പാർട്ടി സംസ്ഥാന നേതൃത്വവും കണ്ണൂർ നേതാക്കളും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത്. ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കുന്നതിനും പാർട്ടി സഹായമുണ്ട്. പാർട്ടിയുമായി ബന്ധമുള്ള അഭിഭാഷകനാണ് ഹൈക്കോടതിയിലും ദിവ്യക്കായി ഹാജരാകുക.

 കണ്ണൂരിലെ ഭാവി വാഗ്ദാനമായി കരുതിയിരുന്ന ദിവ്യക്ക് സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ഇതാണ് സംസ്ഥാനത്തെ ആകെ ദുഖത്തിൽ ആഴ്ത്തിയ മരണം സംബന്ധിച്ച കേസിലും സംരക്ഷണം ലഭിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.


നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സെഷൻസ് കോടതിയുടെ ഉത്തരവ് വന്നതിനുശേഷം ദിവ്യക്കെതിരെ
സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. എന്നാൽ മേൽക്കോടതിയെ സമീപിക്കുകയാണെങ്കിൽ അക്കാരണം പറഞ്ഞു വീണ്ടും നടപടി നീട്ടിക്കൊണ്ടു പോകാൻ ആണ് സാധ്യത.


 സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്നാണ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല, പാർട്ടി നടപടി കൂടി ഉണ്ടായേ മതിയാകൂ എന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയ ഭാനു പറഞ്ഞത്.

ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നതിൽ നിന്ന് പത്തനംതിട്ടയിലെ പാർട്ടിയെ സംസ്ഥാന നേതൃത്വം വിലക്കിയിട്ടുണ്ട്. എന്നാൽ നവീൻ ബാബുവിന്റെ ബന്ധവും  ഏരിയ കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനൻ ശക്തമായ നിലപാടുമായി രംഗത്തുണ്ട്.


പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിനൊപ്പം നിന്ന് ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കിയാൽ തെക്കൻ കേരളത്തിൽ സർക്കാരിനും സിപിഎമ്മിനും വൻ തിരിച്ചടി നേരിടേണ്ടി വരും. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും അതിന്റെ സ്വാധീനം പ്രകടമാകാൻ ആണ് സാധ്യത


 

Advertisment