കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെയുള്ളത്.
ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാൻ ആവില്ലെന്നും, അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമാണ് കുടുംബം പറയുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മറ്റൊരു പൊതുതാൽപര്യ ഹർജി കൂടി ഫയൽ ചെയ്‌തിട്ടുണ്ട്. 'നിക്ഷ്പക്ഷ അന്വേഷണത്തിന് സിബിഐ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർത്തല സ്വദേശി മുരളീധരൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്. നവീന്‍ ബാബുവിന്‍റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ കുടുംബം നേരത്തെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.