കോട്ടയം: കോട്ടയത്തെ മാംസവിപണി കൈയ്യടക്കി തമിഴ്‌നാട് ലോബി. ഇപ്പോള്‍ കോഴിയും തറാവും പന്നിയുമെല്ലാം കോട്ടയത്തേക്ക് എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇതോടെ ഇക്കുറി ക്രിസ്മസ് വിണിയില്‍ ഇറച്ചി വില കുതിച്ചുകയറുമെന്നുറപ്പായി.
പക്ഷിപ്പനിയുടെ പേരില്‍ താറാവിനും കോഴിയ്ക്കും നിരോധനം, പന്നിപ്പനിയുടെ പേരില്‍ പന്നിവളര്‍ത്തലില്‍ പ്രതിസന്ധി എന്നിവ വന്നതോടെ കര്‍ഷകര്‍ മറ്റു രംഗങ്ങളിലേക്കു തിരിഞ്ഞു. തുടര്‍ച്ചായി ഉണ്ടാകുന്ന രോഗങ്ങളും നിരോധനങ്ങളും കര്‍ഷകരെ കടക്കെണിയിലാക്കി. ലക്ഷങ്ങളാണു പലരുടെയും ബാധ്യത. ഇതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു മറ്റു ജീവിത മാര്‍ഗങ്ങള്‍ തേടി. ജില്ലയിലേക്കു ഇപ്പോള്‍ തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുമാണ് കൂടുതലായി മാംസം എത്തുന്നത്.
പക്ഷിപ്പനി ജില്ലയില്‍ നിന്നു പൂര്‍ണമായി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 31 വരെ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളില്‍ പുറത്തു നിന്നു കോഴി, താറാവ് എന്നിവ കൊണ്ടുവരുന്നതിനെയും ഇവിടെ വളര്‍ത്തി പുറത്തേയ്ക്കു വില്‍ക്കുന്നതിനെയും നിരോധിച്ചിരിക്കുകയാണ്.
ഇതോടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ഫാമുകള്‍ പലതും അടച്ചു പൂട്ടിയിരുന്നു. താറാവ് വളര്‍ത്തല്‍ പൂര്‍ണമായി നിലച്ച അവസ്ഥയാണ്. ചിലർ പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കു കൃഷി മാറ്റുകയും ചെയ്തു. പകുതിയിലേറെ പേര്‍ പൂര്‍ണമായി കൃഷി നിര്‍ത്തിയതായി കർഷകർ പറയുന്നു.
കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ തമിഴ്നാട്ടില്‍ നിന്നുമാണു കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ വരുന്നില്ലെങ്കിലും ഇറച്ചിക്കോഴി വില്‍പ്പന തടസമില്ലാതെ തുടരുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുമെത്തിക്കുന്ന ഇറച്ചിക്കോഴി നിരോധ കാലയളവില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതിരോധ നടപടികളൊന്നുമുണ്ടായിട്ടില്ല. നിരോധനത്തെത്തുടര്‍ന്ന് ഇറച്ചിക്കോഴി, താറാവ് വിലയില്‍ വര്‍ധനയുണ്ടായിട്ടില്ലെങ്കിലും ക്രിസ്മസ് സീസണില്‍ വില ഉയരാനുള്ള സാധ്യതയാണു വ്യാപാരികള്‍ നല്‍കുന്നത്.
പന്നിവളര്‍ത്തല്‍ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. പന്നിപ്പനിയെത്തുടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടമുണ്ടായതോടെ, ഭൂരിഭാഗം കര്‍ഷകരും കൃഷിയില്‍ നിന്നു പിന്തിരിഞ്ഞിരുന്നു. മറ്റു ചെറുകിട കര്‍ഷകര്‍ പനി പടരുമെന്ന ആശങ്കയെ തുടര്‍ന്ന് നേരത്തെ തന്നെ പന്നികളെ കശാപ്പുശാലകള്‍ക്കു വില്‍ക്കുകയും ചെയ്തു.
ഇതോടെ പന്നിയിറച്ചിയുടെ വില 380 രൂപയില്‍ നിന്നു 400 രൂപയായി ഉയര്‍ന്നിരുന്നു. അതേ സമയം തമിഴ്നാട്ടില്‍ നിന്നുമെത്തിക്കുന്ന ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകമായി വിറ്റഴിക്കുന്നുമുണ്ടെന്ന ആക്ഷേപവും ശക്തമാണ്.