കോട്ടയം: ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കു നാട്ടില്‍ പോകന്‍ തയാറെടുക്കന്ന ബംഗളൂരൂ മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത.. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ നിന്നു രക്ഷപെടാന്‍ രണ്ട് സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ..
ശബരിമല മണ്ഡലകാല തിരക്കും അവധി ദിവസങ്ങളില്‍ നാട്ടിലേക്കു പോകാന്‍ എത്തുന്നവരുടെ തിരക്കും വര്‍ധിക്കുമെന്നതിനാലാണ് റെയില്‍വേ പുതിയ സര്‍വീസ് കൂടി പ്രഖ്യാപിച്ചത്. കൊല്ലത്തേക്കാണ് രണ്ടു സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഹുബ്ബള്ളിയില്‍ നിന്നും ബെലഗാവിയില്‍ നിന്നുമാണ് ട്രെയിനുകള്‍. ഇരുദിശകളിലേക്കുമായി 24 സര്‍വീസുകളാണ് രണ്ട് ട്രെയിനുകളും നടത്തുക.
07317 ബെലഗാവി - കൊല്ലം എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ തിങ്കളാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 2:30 ന് ബെലഗാവിയില്‍നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് 4:30 ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഡിസംബര്‍ 09, 16, 23, 30, 2025 ജനുവരി 06, 13 തീയതികളിലാണ് സര്‍വീസ്. മടക്കയാത്ര ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6:30 ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി പത്തിന് ബെലഗാവിയിലെത്തും. ഡിസംബര്‍ 10, 17, 24, 31, 2025 ജനുവരി 07, 14 തീയതികളിലാണ് സര്‍വീസ്.
07137 ഹുബ്ബള്ളി - കൊല്ലം ട്രെയിന്‍ ഡിസംബര്‍ അഞ്ചു മുതല്‍ ജനുവരി ഒന്‍പതു വരെയാണ് സര്‍വീസ്. വ്യാഴാഴ്ചകളില്‍ വൈകിട്ട് 5:30 ന് എസ്എസ്എസ് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് 4:30 ന് കൊല്ലത്തെത്തും.
ഡിസംബര്‍ 05, 12, 19, 26 2025 ജനുവരി 02, 09 തീയതികളിലാണ് സര്‍വീസ്. മടക്കയാത്ര കൊല്ലത്തുനിന്ന് വെള്ളിയാഴ്ചകളില്‍ വൈകിട്ട് 6:30 ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 7:35-ന് ഹുബ്ബള്ളിയില്‍ എത്തും. ഡിസംബര്‍ 06, 13, 20, 27 2025 ജനുവരി 03, 10 തീയതികളിലാണ് സര്‍വീസ്.
മുന്‍പു പ്രഖ്യാപിച്ച ശബരിമല സ്‌പെഷല്‍ ട്രെയിനുകളില്‍ ക്രിസ്മസ് ന്യൂ ഇയര്‍നോട് അടുപ്പിച്ചുള്ള ദിവസങ്ങളിലെ ട്രെയിനുകളില്‍ എല്ലാം ടിക്ക്റ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. അവധി ദിവസങ്ങളില്‍ ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നതിനാൽ ഇപ്പോള്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ സര്‍വീസുകളിലും വൈകാതെ ബുക്കിങ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.