തൃശൂർ : ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമ്യ ഹരിദാസ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് പറയുന്ന രമ്യ ഹരിദാസ് താൻ നടത്തിയത് വലിയ പോരാട്ടമായിരുന്നു എന്നും 2021 ൽ ഇടതുമുന്നണി നേടിയ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല എന്നും തുറന്നെഴുതിയിരിക്കുകയാണ്.
തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപത്തിലും രമ്യാ ഹരിദാസ് വികാരം കൊണ്ടു. ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് രമ്യ ഹരിദാസ് തൻറെ കുറിപ്പ് തുടങ്ങുന്നത്.
ആലത്തൂർ ലോകസഭ മണ്ഡലത്തിലെയും ചേലക്കര അസംബ്ലി മണ്ഡലത്തിലെയും രാഷ്ട്രീയം നിരീക്ഷണം നടത്തിയ രമ്യാ ഹരിദാസ് ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്നും എന്നാൽ മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ യുഡിഎഫ് ചരിത്രം സൃഷ്ടിച്ചു എന്നും പറഞ്ഞു.
ഏറ്റവും സീനിയറായ നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു എന്ന ഓർമ്മപ്പെടുത്തുന്ന രമ്യാ ഹരിദാസ് ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ എന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാൽ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുമ്പ് തന്നെ ചേലക്കരയുടെ രാഷ്ട്രീയവും വോട്ടെടുപ്പ് കണക്കുകളും കൃത്യമായി മനസ്സിലാക്കിയാണ് യുഡിഎഫ് പ്രചരണ രംഗത്ത് പിടിച്ചു നിന്നതെന്നും അതുകൊണ്ടുതന്നെയാണ് ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറക്കാനായതെന്നും തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിമാനം കൊള്ളുന്നുണ്ട്.
തോൽവിയിൽ വ്യക്തിപരമായി അതിയായ ദുഃഖമുണ്ട് എന്നു പറഞ്ഞ രമ്യാ ഹരിദാസ് യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച ഒരു വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ നിരാശയുമുണ്ട് എന്നും ഭാവിയിൽ മണ്ഡലം പിടിച്ചെടുക്കുമെന്നും തുറന്നെഴുതി.
തിരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കു കൂടി രമ്യാ ഹരിദാസ് മറുപടി പറയുന്നുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തോടും തനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്ക്കേണ്ട കാര്യവുമില്ല.
അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി അത്ര നല്ല അഭിപ്രായവും അല്ല എന്നും എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത് എന്നും അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല എന്നും എഴുതിയ രമ്യ എന്നെ സ്നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ് എന്നും കൂടി എഴുതി.
മുൻപ് എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ലെന്നും കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നത് വിശദീകരിച്ചതാണെന്നും രമ്യ പറഞ്ഞു.
1,87,000 രൂപ കിട്ടിയിട്ടും പട്ടിണി മാറാത്തവള്‍ എന്ന സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം ഏറെ വേദനിപ്പിച്ചു എന്നും വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും കൂടി വ്യക്തമാക്കിയാണ് രമ്യ ഹരിദാസ് തൻറെ കുറിപ്പ് അവസാനിപ്പിക്കുന്നത്.