എ ഡി എം നവീൻബാബു തെറ്റുപറ്റിയെന്ന് പറഞ്ഞതായിട്ടുള്ള നുണക്കഥ കളക്ടറുടെ മൊഴിയായി കോടതിയിൽ എത്തിച്ചതിനു പിന്നിൽ നടന്ന ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്ന് ചീഫ് സെക്രട്ടറിക്ക് പരാതി. പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് ആണ് ഇതേകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കിയത്.നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.
കേസിൽ പ്രതി സ്ഥാനത്തുള്ള കണ്ണൂർ ജില്ല പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻക്കൂർജാമ്യ ഹർജി പരിഗണിച്ച തലശ്ശേരി കോടതിയിൽ പോലീസ് ഹാജരാക്കിയ റിപ്പോർട്ടിലുള്ള മൊഴിയിൽ തെറ്റുപറ്റിയെന്ന് എ ഡി എം നവീൻബാബു കളക്ടറോട് പറഞ്ഞതായി പരാമർശം ഉൾപ്പെടുത്തിയതിനു പിന്നിൽ ഗൂഡാലോചനയുണ്ട്.
കണ്ണൂർ കളക്ടേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അനുമതിയില്ലാതെയും ക്ഷണമില്ലാതെയും പങ്കെടുത്തതിനും ബലമായി വേദിയിൽ കയറി അധികാരസ്ഥാനം ഉപയോഗിച്ച് മൈക്ക് കൈക്കലാക്കി വ്യാജ അഴിമതി ആരോപണം ഉന്നയിച്ച് പ്രസംഗിച്ചതിനും ചടങ്ങിന്റെ രംഗം കളക്ടേറ്റിന്റെ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ആളെ കയറ്റി പകർത്തി പ്രചരിപ്പിച്ചതിനും പി.പി. ദിവ്യയ്ക്കെതിരെ പരാതി നൽകുവാൻ ഇതുവരെ തയാറാകാത്ത കളക്ടറുടെ കുറ്റകരമായ പ്രവർത്തിക്ക് മേൽ അന്വേഷണം വേണമെന്നും അഡ്വ. കുളത്തൂർ ജയ്സിങിന്റെ പരാതിയിൽ ഉണ്ട്.
തെറ്റുപറ്റിയെന്ന് എ ഡി എം നവീൻബാബു പറഞ്ഞതായിട്ടുള്ള കളക്ടറുടെ മൊഴി കളവ് നിറഞ്ഞതാണ്. പി.പി.ദിവ്യയെ സഹായിക്കുവാൻ വേണ്ടി അന്വേഷണസംഘത്തിലുള്ള ഒരു സർക്കിൾ ഇൻസ്പെക്ടറുടെ ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു. നവീൻ ബാബുവിനെ പിന്തുടർന്ന പ്രശാന്തനെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ല.
നവീൻ ബാബുവിനെതിരെ തയ്യാറാക്കിയ വ്യാജ പരാതിയും അതിന്റെ ഉറവിടവും കണ്ടെത്തുന്നതിന് നടപടിയുമില്ല. മരണശേഷവും നവീൻ ബാബുവിനെതിരെ നുണക്കഥകൾ പറഞ്ഞ് അധിക്ഷേപിക്കുവാനാണ് ചിലർ ശ്രമം നടത്തുന്നത്. ഇതിനുപിന്നാലെ വൻ ഗൂഢാലോചനയെ കുറിച്ച് അടിയന്തര അന്വേഷണം ചീഫ് സെക്രട്ടറി നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെടുന്നത്.