സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ അനുമതി വാങ്ങാതെ പെട്രോൾ പമ്പ് തുടങ്ങാൻ നീക്കം നടത്തിയത് ചട്ട ലംഘനം തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ ജോലി ടി.വി പ്രശാന്തന് നഷ്ടമാകും. പ്രശാന്തൻ ജോലിയിൽ കയറിക്കൂടിയതും സിപിഎം സ്വാധീനം ഉപയോ​ഗിച്ച്. നടപടി ആരോ​ഗ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരികെയെത്തിയാലുടൻ

New Update
tv prasanthan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എ.ഡി.എം കെ .നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെ ജോലിയിൽനിന്ന് പുറത്താക്കും. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ അനുമതി വാങ്ങാതെ പെട്രോൾ പമ്പ് തുടങ്ങാൻ നീക്കം നടത്തിയത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രശാന്തനെ പിരിച്ചു വിടുന്നത്.

Advertisment

പ്രശാന്തൻ്റെ ചട്ടവിരുദ്ധമായ നടപടിയെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. പമ്പ് തുടങ്ങുന്നതിന് പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് അനുമതി നേടിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


 ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കണ്ണൂരിൽ എത്തി അന്വേഷണം നടത്തിയ രാജൻ ഖോബ്രഗഡേ ഇന്ന് റിപോർട്ട് നൽകു.G 

ഈ റിപ്പോർട്ട് പരിശോധിച്ചാകും പ്രശാന്തനെതിരെ  നടപടി സ്വീകരിക്കുക. അമേരിക്കയിൽ ലോക ബാങ്ക് പരിപാടിയിൽ പങ്കെടുക്കാൻ പോയിരിക്കുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് തിരിച്ചെത്തിയതിന് ശേഷമാകും നടപടി പ്രഖ്യാപിക്കുക. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.


സർവീസിൽ ഇരിക്കെ കച്ചവട സ്ഥാപനങ്ങൾ തുടങ്ങരുത് എന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് പ്രശാന്തൻ ചെങ്ങളായി പഞ്ചായത്തിൽ പാട്ടത്തിന് എടുത്ത 40 സെൻ്റ് സ്ഥലത്ത് പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയത്. പമ്പ് തുടങ്ങുന്നതിന് ടി.വി.പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് അനുമതി തേടിയിരുന്നില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി.


വ്യവസായ സംരംഭം തുടങ്ങാൻ അനുമതി തേടണമെന്ന്  അറിയില്ലായിരുന്നു എന്നാണ് പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞത്. എന്നാൽ കൈക്കൂലി നൽകിയെന്ന ആരോപണം ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ സംഘത്തിന് മുന്നിലും ആവർത്തിച്ചു.

കൈക്കൂലി നൽകിയോ ഇല്ലയോ എന്നത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണ വിഷയമല്ല. എന്നിട്ടും ആരോപണം ആവർത്തിച്ചത് അന്വേഷണ റിപ്പോർട്ട് നവീൻ ബാബുവിന് എതിരാക്കി മാറ്റുക എന്ന ഉദ്ദേശത്തിലാണെന്നാണ് ആക്ഷേപം.ടി.വി. പ്രശാന്തന് എതിരെ  തുടർ നടപടി ശുപാർശ ചെയ്തിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ടി.വി പ്രശാന്തനെ ജോലിയിൽനിന്ന് പുറത്താക്കുക. naveen babu


പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ തസ്തികയിലാണ് പ്രശാന്തന്റെ നിയമനം. കോളജ് സർക്കാർ ഏറ്റെടുത്തെങ്കിലും നിയമനം ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. സി.പി.എം നേതാക്കളുടെ ബന്ധുവായ പ്രശാന്തൻ ആ സ്വാധീനത്തിലാണ് ജോലി നേടിയത്.


 ഉന്നത സ്വാധീനം ഉള്ളത് കൊണ്ട് ആരോപണം ഉയർന്നപ്പോൾ പ്രശാന്തനെതിരെ അന്വേഷണം നടത്താൻ മെഡിക്കൽ കോളേജ് അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

എന്നാൽ പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത്  നിന്ന് വീഴ്ച ഇല്ലെന്നാണ് റിപ്പോർട്ടിൽ  പറയുന്നത്.  പ്രശാന്തനെതിരായ വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പരിയാരം മെഡിക്കൽ കോളജ് അധികൃതർ താമസം വരുത്തിയിട്ടില്ല. അന്വേഷണത്തിന് ആവശ്യമായ സമയമാണ് എടുത്തതെന്നാണ്  അന്വേഷണ റിപ്പോർട്ടിലെ നിഗമനം. തുടർ നടപടി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ആക്ഷേപങ്ങളിൽ അധികൃതരെ കുറ്റവിമുക്തരാക്കുന്നതാണ് ആരോഗ്യ വകുപ്പിൻ്റെ റിപോർട്ട്.

Advertisment