/sathyam/media/media_files/QzXfzNkz7CxGpAyCuxmQ.webp)
കൊച്ചി: സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മന്ത്രി സിനിമാ ഡയലോഗ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.
“സിനിമയിൽ സി.ബി.ഐയുടേത് തരക്കേടില്ലാത്ത പ്രവർത്തനമാണ്. എന്നാൽ യഥാർഥത്തിൽ കേന്ദ്ര ഏജൻസികളുടെ അവസ്ഥ എന്താണെന്ന് നമ്മൾ കാണുന്നുണ്ട്. പരമോന്നത നീതിപീഠം തന്നെ കൂട്ടിലിട്ട തത്തയെന്നാണ് സി.ബി.ഐയെ വിശേഷിപ്പിച്ചത്. കേന്ദ്രം ആഗ്രഹിക്കുന്നതു പോലെ തുള്ളുകയാണവർ.
കോൺഗ്രസ് ദേശീയ തലത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തിലെത്തുമ്പോൾ സുരേഷ് ഗോപിക്കൊപ്പമാണ്. സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗം പോലെ മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ആരാ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയത്? തൃശൂരിൽ കോൺഗ്രസ് വോട്ട് മറിച്ചുകൊടുത്തിട്ടല്ലേ സുരേഷ് ഗോപി ജയിച്ചത്? സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്.
ഒറ്റത്തന്തയല്ല. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണ്, വ്യക്തിപരമല്ല. കെ.പി.സിയുടെ ഒരു അന്വേഷണ റിപ്പോർട്ട് ഉണ്ടല്ലോ, അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊന്നും ചെയ്യാതെ വെറുതെ എന്തെങ്കിലും പറയരുത്. കെ.സി. വേണുഗോപാൽ നടപടിയെടുത്തു എന്നു പറയുന്നു. എന്നാൽ ഒന്നുമുണ്ടായിട്ടില്ല” -മന്ത്രി പറഞ്ഞു.