/sathyam/media/media_files/2025/07/28/2644383-nuns-arrest-suresh-gopi-jinto-john-2025-07-28-11-50-36.webp)
ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ.
മല കയറിയാലോ അരമനകൾ കയറിയിറങ്ങിയാലോ ക്രിസ്മസ് കേക്ക് മുറിക്കാൻ വന്നാലോ ഈസ്റ്റർ ആശംസകൾ നേർന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവർക്ക് നീതി ഉറപ്പാകില്ലെന്ന് അറിയാമെന്ന് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ക്രിസ്തുവിനെ ഒറ്റാൻ മുട്ടിനിൽക്കുന്ന, അധികാരാർത്തിയിലും പണക്കൊതിയിലും ബി.ജെ.പി പ്രേതമാവാഹിച്ച കൃസംഘികളെ തിരിച്ചറിയാൻ വഴിതെറ്റുന്ന ചില കുഞ്ഞാടുകൾക്ക് കിട്ടുന്ന മറ്റൊരവസരം മാത്രമാണിത്.
അരമനകളും പള്ളിമേടകളും കയറാൻ വരുന്ന ബി.ജെ.പി ചെന്നായ്ക്കളോട് വടക്കേ ഇന്ത്യയിലോട്ട് വണ്ടിപിടിക്കാൻ പറയണം. അവിടത്തെ കണ്ണീരൊപ്പിയിട്ട് മതി കേരളത്തിലെ കൈമുത്തലും കേക്ക് മുറിക്കലുമെന്നും ജിന്‍റോ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മാതാവിന്റെ തലയിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേർന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതൊന്നും കാണുന്നില്ലേ. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉറക്കമെഴുന്നേറ്റില്ലേ. ആസ്ഥാന കൃസംഘികളായ പി സി ജോർജ്ജും ഷോൺ ജോർജ്ജും മൗനവൃതത്തിലാണോ. കെവിൻ പീറ്റർ അടക്കമുള്ള കാസയുടെ ചാണകം വാരികളും ഉടനടി ഹാജരാകണം. നിങ്ങളുടെ മോദിജിയോട് ഒരൊറ്റ വിളിയിൽ ആ കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ഇടപെടണം.
ചത്തീസ്‌ഘട്ടിലെ ബിജെപി സർക്കാർ ഒത്താശയോടെ പോലീസ് സാന്നിധ്യത്തിൽ ക്രൈസ്തവ വിശ്വാസികളും പുരോഹിതരും സന്യസ്തരും പ്രേഷിത പ്രവർത്തകരും അക്രമങ്ങൾക്ക് ഇരയാകുമ്പോൾ മിണ്ടാതെ ഒളിക്കുന്ന നിങ്ങളുടെയൊക്കെ ക്രൈസ്തവപ്രേമം കേരളത്തിൽ മാത്രം ഒതുക്കരുത്. തെരുവും നിയമവും കയ്യേറി ന്യൂനപക്ഷവേട്ട ആഘോഷമാക്കുന്ന സംഘികൾ കൂത്താടുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്നിറങ്ങി വിളംബരം ചെയ്യണം സകല കൃസംഘികളുടേയും ക്രൈസ്തവ കരുതൽ.
നിങ്ങളൊക്കെ മല കയറിയാലോ അരമനകൾ കയറിയിറങ്ങിയാലോ ക്രിസ്തുമസ് കേക്ക് മുറിക്കാൻ വന്നാലോ ഈസ്റ്റർ ആശംസകൾ നേർന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവർക്ക് നീതി ഉറപ്പാകില്ല എന്നറിയാം. എന്നാലും ക്രിസ്തുവിനെ ഇനിയും ഒറ്റാൻ മുട്ടിനിൽക്കുന്ന, അധികാരാർത്തിയിലും പണക്കൊതിയിലും ബിജെപി പ്രേതമാവാഹിച്ച കൃസംഘികളെ തിരിച്ചറിയാൻ വഴിതെറ്റുന്ന ചില കുഞ്ഞാടുകൾക്ക് കിട്ടുന്ന മറ്റൊരവസരം മാത്രമാണിത്.
പതിറ്റാണ്ടുകളായി സംഘപരിവാർ തുടരുന്ന ന്യൂനപക്ഷവേട്ടയുടെ മറ്റൊരു ഓർമ്മപ്പെടുത്തൽ. ഇനിയും കാണാനിരിക്കുന്ന ഒരുപാടെണ്ണത്തിന്റെ മുന്നോടിയും. ഇവറ്റകളൊക്കെ പറയുന്ന ഇസ്‌ലാമോഫോബിക് നുണകളിൽ തമ്മിൽത്തല്ലാതെ സംഘപരിവാർ അക്രമങ്ങളെ സംഘടിതമായി ചെറുക്കുന്ന ന്യൂനപക്ഷ ഐക്യത്തിനുള്ള സമയം വൈകിയെന്ന ബോധം ക്രൈസ്തവർക്കും ഉണ്ടാകണം. മോദിയേയും സുരേഷ് ഗോപിയേയും ജോർജ്ജ് കുര്യന്മാരേയും പി സി ജോർജ്ജിനേയും മകനേയും കാസയുടെ ഒറ്റുകാരേയുമൊക്കെ കാണുമ്പോൾ കേരളത്തിന് പുറത്തുള്ള ക്രൈസ്തവ സഹോദരങ്ങളെ സൗകര്യപൂർവ്വം മറക്കുന്നവർക്കുള്ള തെറ്റുതിരുത്തൽ അവസരം കൂടിയാണിത്.
ജബൽപ്പൂരിലും മണിപ്പൂരിലും ഒറീസ്സയിലും ഛത്തീസ്‌ഘട്ടിലും മദ്ധ്യപ്രദേശിലും കേരളത്തിന് പുറത്തുള്ള മുഴുവൻ ക്രൈസ്തവ വേട്ടകളിലും നമുക്ക് മെഴുകുതിരി കത്തിക്കലും പ്രാർത്ഥനാ കൂട്ടായ്മകളും ലേഖന പരമ്പരകളും മാത്രം പോരാ. അതിക്രമങ്ങളുടെ ശ്രമങ്ങൾ കേരളത്തിലും തലപൊക്കി തുടങ്ങുമ്പോൾ കേവല മുരൾച്ചകൾക്കപ്പുറത്തുള്ള മുറവിളി തന്നെ വേണം. അരമനകളും പള്ളിമേടകളും കയറാൻ വരുന്ന ബിജെപി ചെന്നായ്ക്കളോട് വടക്കേയിന്ത്യയിലോട്ട് വണ്ടിപിടിക്കാൻ പറയണം... അവിടങ്ങളിലെ കണ്ണീരൊപ്പിയിട്ട് മതി കേരളത്തിലെ കൈമുത്തലും കേക്ക് മുറിക്കലും.
ഇന്നലെയാണ് മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും.
മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചത്.
മാതാപിതാക്കളുടെ സമ്മതപത്രം തള്ളിക്കളഞ്ഞാണ് അറസ്റ്റെന്ന് ബോധ്യമായി. കന്യാസ്ത്രീകളുടെ കൂടെയുള്ള പെൺകുട്ടികളെല്ലാം 18 വയസ്സ് പിന്നിട്ടവരാണെന്ന രേഖകൾ കൈവശമുണ്ടായിരുന്നു. ഇതും പരിഗണിക്കാതെയാണ് അറസ്റ്റും റിമാൻഡും.