'കേരളം മാറുന്നു' സാമ്പത്തിക മാറ്റങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ക്കൊള്ളണം, കേരളത്തിന്റെ വ്യവസായ രംഗത്തെ മാറ്റങ്ങളെ പുകഴ്ത്തി ശശി തരൂര്‍

New Update
sasi tharoor-1

കൊച്ചി: കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിച്ചതിനു സമാനമായ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറയുന്നു. മാറുന്ന കേരളം: മുടന്തുന്ന ആനയില്‍ നിന്ന് വഴങ്ങുന്ന കടുവയിലേക്ക് എന്നാണ് ലേഖനത്തിനു തലക്കെട്ട്.

Advertisment

2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 18 മാസ കാലയളവില്‍ 170 കോടി ഡോളറാണ് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം.

2021 ജൂലൈ ഒന്നിനും 2023 ഡിസംബര്‍ 31നും ഇടയിലുള്ള കാലയളവില്‍ ആഗോളതലത്തിലുള്ള വളര്‍ച്ച 46 ശതമാനമെങ്കില്‍ കേരളത്തിലേത് അത് 254 ശതമാനമാണ്. 45 ലക്ഷം കമ്പനികളില്‍നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കേരളത്തെക്കുറിച്ച് ഇതുവരെ കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണ് ഇതെന്ന് തരൂര്‍ പറയുന്നു. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നു ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമാണെന്നാണ് പറയുന്നത്.

കേരളത്തിലാണെങ്കില്‍ അത് 236 ദിവസവും. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച മുമ്പ് കേരളത്തില്‍ രണ്ടു മിനിറ്റു കൊണ്ട് കമ്പനി തുടങ്ങാനാവുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ച കാര്യം തരൂര്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

അതിശയോക്തിയല്ലെങ്കില്‍ ഇതൊരു അതിശയകരമായ മാറ്റമാണ്. ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു സംഭവിക്കുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം 29 സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനത്ത് ആയിരുന്നതില്‍ നിന്ന് മുന്നിലെത്തിയിട്ടുണ്ട്.

എഐ ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ നയം കേരളം നടപ്പാക്കി. ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകളാണ് സ്ഥാപിക്കപ്പെട്ടത്.

ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണ് എന്നു ഞാന്‍ പറയാറുണ്ട്. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതു തന്നെയാണ്- തരൂര്‍ പറയുന്നു.

കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴിലാണല്ലോ ഈ മാറ്റമെല്ലാം നടക്കുന്നത് ചിലപ്പോള്‍ അതിശയമുയര്‍ത്തുന്ന കാര്യമായിരിക്കും. എന്നാല്‍ അതങ്ങനെയല്ല.

 വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പാത ചെങ്കൊടിയിലും സമരങ്ങളിലുമല്ല, കാപിറ്റിലസിത്തിലും സംരംഭകത്വത്തിലുമെല്ലാമാണെന്ന് നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

 അധികാരത്തിലിരിക്കുമ്പോള്‍ മാത്രമായിരിക്കുമോ ഈ സമീപനം എന്നൊരു ആശങ്ക സ്വാഭാവികമാണ്. 2026ലെ തെരഞ്ഞെടുപ്പു തോറ്റാല്‍ അവര്‍ പഴയ വഴികളിലേക്കു തിരിച്ചു പോവുമോയെന്ന സംശയം പലര്‍ക്കുമുണ്ട്.

അതങ്ങനെയാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് തരൂര്‍ പറയുന്നു. സാമ്പത്തിക മാറ്റങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ക്കൊള്ളുകയും സംസ്ഥാനത്തെ അതിന്റെ പരിതാവസ്ഥയില്‍നിന്നു കരകയറ്റുകയും വേണമെന്ന് തരൂര്‍ പറയുന്നു.

Advertisment