സംസ്ഥാനത്തെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പാക്കണം; കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി, ജൂണ്‍ രണ്ടിന് പ്രവേശനോത്സവം

New Update
1748310215134-converted_file

സ്കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Advertisment

സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സുരക്ഷിതവും വൃത്തിയുമുള്ള സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനായി നിരവധി നിർദേശങ്ങളാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

സ്കൂൾ ബസുകൾക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തുക. ഡ്രൈവർമാർക്ക് ബോധവൽകരണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലുള്ള സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ നിയമനം. സ്കൂൾ പരിസരത്ത് ട്രാഫിക് പൊലീസിൻ്റെ സേവനം. വിദ്യാലയങ്ങൾ തുറക്കും മുൻപ് കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ നടപടികൾ പൂർത്തീകരിക്കുക.

പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം എന്നിവയുടെ ശുചീകരണം. ബെഞ്ച്, ഡസ്ക് എന്നീവ ഉപയോഗപ്രദമാക്കൽ. സ്കൂൾ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റൽ. ജല സ്രോതസ്സുകൾ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തൽ. റെയിൽവേ ക്രോസിന് സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം.

സ്കൂൾ തുറക്കും മുൻപ് മെൻ്റർ ടീച്ചർമാരുടെ നിയമനം. പാഠപുസ്തകങ്ങൾ യൂണിഫോം എന്നിവ എല്ലാ വിദ്യാർഥികൾക്കും ഉറപ്പാക്കൽ. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന, നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15 നകം പൂർത്തികരിക്കൽ അടക്കമുള്ള നിർദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.

മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തിരുന്നു.

ചലച്ചിത്ര നടൻ മോഹൻലാൽ, എഴുത്തുകാരായ എം. മുകുന്ദൻ, ജോർജ് ഓണക്കൂർ, ബെന്യാമിൻ, ഗായിക ചിത്ര, സംഗീത സംവിധായകരായ എം. ജയചന്ദ്രൻ, ജാസി ഗിഫ്റ്റ് തുടങ്ങിയവരാണ് ഇത്തവണ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.