തിരുവനന്തപുരം: സൂപ്പർ ക്ലാസ് ബസുകളെ മറികടക്കരുതെന്ന് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി കെ.എസ്.ആർ.ടി.സി. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ നിർദേശം.
യാത്രക്കാരിൽ നിന്ന് നിരന്തരമായി പരാതികൾ ഉയർന്നതിന്റെയും മത്സരയോട്ടം കാരണം വരുമാനത്തിലുണ്ടാകുന്ന കുറവുമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി പറഞ്ഞു.
സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മിന്നൽ, വോൾവോ തുടങ്ങിയ സൂപ്പർക്ലാസ് ബസുകളെ മറ്റു കെ.എസ്.ആർ.ടി.സി ബസുകൾ മറികടക്കാൻ പാടില്ല. എപ്പോഴും അത്തരം ബസുകൾക്ക് മുൻഗണന നൽകണം. ലോവർ ക്ലാസ് ബസുകൾ ആവശ്യാനുസരണം സൂപ്പർക്ലാസുകൾക്ക് സൈഡ് നൽകണം. റോഡുകളിലെ അനാവശ്യ മത്സരം ഒഴിവാക്കണം. ഡ്രൈവറും, കണ്ടക്ടറും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജനങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായും കൃത്യസമയത്തും എത്തിച്ചേരാൻ ഉയർന്ന ടിക്കറ്റ് നിരക്കിൽ സൂപ്പർക്ലാസ് ബസുകളിൽ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നു. പരിമിതമായ സ്റ്റോപ്പുകളും കുറഞ്ഞ യാത്രക്കാരും ആയതിനാൽ ബസുകളുടെ നിശ്ചിത ദൂരം പിന്നിടാനുള്ള സമയപരിധി താരതമ്യേന കുറവാണ്.
ചില സന്ദർഭങ്ങളിലെങ്കിലും താഴ്ന്ന ക്ലാസ് ബസുകൾ സൈഡ് കൊടുക്കാൻ വിസമ്മതിക്കുകയും മിന്നൽ പോലുള്ള ഉയർന്ന ക്ലാസ് ബസുകളെ മറികടക്കുകയും ചെയ്യുന്നത് മത്സരാധിഷ്ഠിത ഡ്രൈവിംങിന് കാരണമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ പറഞ്ഞു.