/sathyam/media/media_files/2025/11/21/a-padmakumar-2025-11-21-14-11-28.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻറും മുതിർന്ന സി.പി.എം നേതാവുമായ പത്മകുമാറിൻ്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി അറസ്റ്റിലായ പത്മകുമാറിൻ്റെ പാസ്പോർട്ട് പിടിച്ചെടുത്തു.
യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്.സ്വർണക്കൊള്ള നടത്തിയ 2019 മുതലുളള കാലത്ത് ഉണ്ണികൃഷ്ണൻ പോറ്റി പലവട്ടം ഇംഗ്ലണ്ടിൽ പോയിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകളിൽ പത്മകുമാറും ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പത്മകുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. ആറന്മുളയിലെ വീട്ടിൽ നടന്ന പരിശോധന അർദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്റെ രേഖകൾക്ക് വേണ്ടിയായിരുന്നു പ്രധാനമായും പരിശോധന.
സർക്കാർ-ബോർഡ്-പോറ്റി എന്നിവർ തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകർപ്പ് കണ്ടെടുത്തു. 2016 മുതൽ പത്മകുമാറിൻറെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും കസ്റ്റഡിയിലെടുത്തു. പോറ്റി പല തവണ വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിൻ്റെ ബന്ധുക്കളുടെ മൊഴി. പക്ഷേ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം.
പത്മകുമാറിൻ്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പരിശോധിക്കാൻ നടപടി തുടങ്ങി. അഴിമതി നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കേസായതിനാൽ അഴിമതിയിലൂടെ സമ്പാദിച്ച വരുമാനമോ, സ്വത്തുവകകളോ കേസിൽ ചേർക്കേണ്ടി വരും. ഇതിനായാണ് ഈ നിലക്കുള്ള പരിശോധനയിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്.
ഇതിനിടെ താൻ പ്രസിഡൻ്റാകുന്നതിന് മുമ്പ് തന്നെ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനമുണ്ടെന്നാണ് പത്മകുമാറിൻറെ മൊഴി അന്വേഷണ സംഘം ഗൗരവമായാണ് കാണുന്നത്. പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതർ ഇനിയുമുണ്ടെന്ന് സൂചന നൽകുന്ന മൊഴിയാണോ ഇതെന്നും എസ്.ഐ ടി അന്വേഷിക്കും.
ചെമ്പെന്ന് രേഖകളിൽ പത്മകുമാർ തിരുത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് അന്നത്തെ ബോർഡ് അംഗങ്ങളായ കെപി ശങ്കരദാസിൻറെയും വിജയകുമാറിൻറെയും മൊഴി. എന്നാൽ അംഗങ്ങളെയും കുരുക്കിയാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത എല്ലാ തീരുമാനങ്ങളും ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ബോർഡ് പ്രസിഡൻ്റ് തന്നെ സ്വർണ്ണക്കൊള്ളയിൽ കുടുങ്ങിയതോടെ സി.പിഎം വെട്ടിലായിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് മുഖം രക്ഷിക്കാനെങ്കിലും നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉണ്ടെങ്കിലും അതിലേക്ക് കടന്നിട്ടില്ല. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന ന്യായമാണ് അറസ്റ്റിന് പിന്നാലെ സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്.
ഇതേ കാര്യം ചൂണ്ടിക്കാട്ടി, പ്രതിയെ എതിർക്കുകയോ സംരക്ഷിക്കുകയോ വേണ്ടെന്ന നിലപാട് കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നു.
അതേസമയം അന്വേഷണ സംഘത്തിൻ്റെ നീക്കമെല്ലാം ആശങ്കയോടെ തന്നെ പാർട്ടി നിരീക്ഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്തെങ്കിലും പത്മകുമാറിനെതിരെ തെളിവൊന്നും പുറത്തുവന്നിട്ടില്ല എന്നതാണ് ആശ്വാസം. പോറ്റിയുമായുള്ള അടുത്ത ബന്ധം വ്യക്തമായിട്ടുണ്ട്.
എന്നാൽ വിദേശയാത്രകളോ മറ്റോ വെളിവായാൽ കൂടുതൽ പ്രതിരോധത്തിലാകും. കടകംപള്ളിയിലേക്ക് അന്വേഷണം എത്തിയാൽ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും നേതൃത്വം തലപുകയ്ക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us