പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട്ടെ സ്ഥാനാർഥി പി.സരിൻ. നെഞ്ചോട് ചേർത്തുപിടിച്ച ഓരോ സഖാവിനും നന്ദിയുണ്ടെന്നും പി.സരിൻ ഫേസ്ബുക്കിൽ കുറിച്ചു.
ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും സരിൻ പറഞ്ഞു.
കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ താനുണ്ടാവുമെന്നും പി.സരിൻ പറഞ്ഞു.
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് 18724 വോട്ടിന്‍റെ ലീഡിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചിരുന്നു.വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്.
എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ട് മുതൽ രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു