കോന്തുരുത്തിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നത് സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പൊലീസ്

New Update
22

എറണാകുളം: കൊച്ചി കോന്തുരുത്തിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയെന്ന് പൊലീസ്. വീട്ടുടമ ജോർജ് രാത്രി 12 മണിയോടെ കമ്പി പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എറണാകുളം സൗത്ത് എസിപി വ്യക്തമാക്കി.

Advertisment

രാത്രി 10 മണിക്ക് എറണാകുളം സൗത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെ വീട്ടിലേക്ക് കൊണ്ടുവന്നു. പണത്തെ ചൊല്ലി തർക്കം ഉണ്ടായതോടെ 12 മണിയോടെ കമ്പി പാര ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

കഴുത്തിൽ കയറിട്ട് കുരുക്കിയാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നതെന്നും എസിപി പറ‍ഞ്ഞു. ആദ്യത്തെ ചോദ്യം ചെയ്യലിൽ പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊലപാതകം നടത്തിയത് താനല്ല എന്നാണ് ആദ്യം പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് വീടിന് സമീപത്തായി ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിതകർമസേന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തി.

കൗൺസിലർ എത്തിയപ്പോൾ മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. പിന്നാലെ പൊലീസ് എത്തുകയും ജോർജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Advertisment