/sathyam/media/media_files/lT5olLIe6jsv9vYwcEhB.jpg)
ആലപ്പുഴ: സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദവും ആത്മഹത്യയും വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ കമ്മിറ്റി പ്രവർത്തനം തുടങ്ങി. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ജില്ലാ മെഡിക്കൽ ഓഫീസർ, ഡോക്ടർമാർ തുടങ്ങിയവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നുണ്ട്. കേരളത്തിൽ സമീപകാലത്ത് പോലീസുകാർക്കിടയിലെ ആത്മഹത്യ വർധിച്ചിരുന്നു.
ആലപ്പുഴയിൽ ജില്ലാ പോലീസ് മേധാവി ചെയര്‍പേഴ്‌സണും അഡീഷണല്‍ എസ്.പി നോഡല്‍ ഓഫീസറുമായ കമ്മിറ്റിയില്‍ ജില്ലയിലെ ഡപ്യൂട്ടി കമാന്‍ഡന്റ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, അഞ്ച് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിവൈ.എസ്.പിമാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സമിതിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.
ജോലി സ്ഥലങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ അതിജിവിക്കുന്നതിന് അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കാന്‍ സമിതി ശ്രദ്ധിക്കേണ്ടതാണെന്നും ജോലിയുടെ ഭാഗമായി ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിനും സമിതി ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, സ്‌പെഷ്യല്‍ ലൈസന്‍ ഓഫീസര്‍, വിവിധ സ്‌റ്റേഷന്‍ റൈറ്റര്‍മാര്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. അതേസമയം താഴെത്തട്ടിലുള്ള പോലീസുകാര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം സമിതിയില്‍ ലഭിച്ചിട്ടില്ലെന്ന ആക്ഷേപം സേനയ്ക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് സി.പി.ഒമാരെയും ഉൾപ്പെടുത്തിയിരുന്നു.എന്നാൽ ആലപ്പുഴയിൽ അതുണ്ടാകാത്തതിൽ പോലീസ് അസോസിയേഷന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയ്ക്കുള്ളിൽ അമർഷം ശക്തമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us