/sathyam/media/media_files/2025/11/09/vasu-2025-11-09-17-59-46.jpg)
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ മൂന്നാം പ്രതിയായ എൻ. വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുന്നത്.
അന്വേഷണസംഘം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് പ്രതിക്ക് തുണയായത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഇക്കാര്യത്തിൽ വിവേചനം കാണിക്കാനാവില്ലെന്ന് ഇന്നലെ ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു.
90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം നൽകാത്തത് പ്രതിഭാഗം കോടതിയിൽ പ്രധാന ആയുധമാക്കി.ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പ്രതികൾക്ക് ഇതിനോടകം സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് ജാമ്യാപേക്ഷകളിലും വാദം പൂർത്തിയായി. ഈ മാസം 18-നാണ് കോടതി ഇതിൽ വിധി പ്രസ്താവിക്കുക.
ശബരിമലയിലെ കട്ടിളപ്പാളിയിൽ സ്വർണ്ണം പതിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. എൻ. വാസുവിനും ജാമ്യം ലഭിക്കുന്നതോടെ കേസിലെ ഭൂരിഭാഗം മുഖ്യപ്രതികളും ജയിലിന് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us