Advertisment

പത്തനംതിട്ട എസ്.പി സുജിത്ത് ദാസിന് സസ്പെൻഷനോ സ്ഥലം മാറ്റമോ ഉറപ്പ്. നടപടി പി.വി. അൻവറുമായുളള ഫോൺ സംഭാഷണത്തിൽ പൊളിറ്റിക്കൽ സെക്രട്ടറിയേയും എ.ഡി.‍ജി.പിയെയും അപമാനിച്ചതിന്. അൻവറിനും സുജിത് ദാസിനും എതിരെ പരാതിയുമായി എ.ഡി.ജി.പി അജിത് കുമാർ‍ മുഖ്യമന്ത്രിയെ കണ്ടു. ആരോപണങ്ങൾ ആവർത്തിച്ച് അൻവറും പിന്തുണയുമായി കെ.ടി.ജലീലും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
PV-Anwar-MLA-and-Sujith-Das-IPS

തിരുവനന്തപുരം: പി.വി.അൻവർ എം.എൽ.എയുമായുളള ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും ക്രമ സമാധാന ചുമതലയുളള എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങൾ ഉന്നയിച്ച  പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിനെതിരെ നടപടി ഉറപ്പായി.

Advertisment

ഫോൺ സംഭാഷണത്തിനിടെ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർത്തിയ സുജിത്ത് ദാസിനെ  ഉടൻ സസ്പെന്റ് ചെയ്തേക്കും. സസ്പെന്റ് ചെയ്താൽ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നു എന്നാരോപിച്ച് പുതിയ ആക്ഷേപങ്ങ ഉന്നയിക്കുമോ എന്ന് ആശങ്കയുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി ക്രമസമാധാന ചുമതലയിൽ നിന്നുളള മാറ്റത്തിൽ ഒതുക്കുന്നതും പരിഗണിക്കുന്നു. സുജിത്ത് ദാസിൻെറ ആരോപണത്തിൽ മുഖം നഷ്ടപ്പെട്ട എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അഭ്യന്തര വകുപ്പിൻെറ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.


രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നത് അടക്കമുളള ആരോപണങ്ങൾ ഉന്നയിച്ച് തനിക്കെതിരെ നിരന്തരം പ്രതികരണങ്ങൾ നടത്തുന്ന പി.വി.അൻവറിനെതിരെ അജിത് കുമാർ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞുവെന്നാണ് സൂചന. അൻവർ വൈരാഗ്യത്തോടെ പെരുമാറുകയാണെന്നും വാർത്താമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അപമാനിക്കുന്നവെന്നും അജിത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. 


സർക്കാരിന് കൂടി നാണക്കേടുണ്ടാക്കിയ അൻവറിൻെറ നീക്കത്തിൽ മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാൽ പത്തനംതിട്ട എസ്.പിയായ സുജിത്ത് ദാസ് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ തൻെറ പൊളിറ്റിക്കൽ സെക്രട്ടറിയേ കുറിച്ചും ബന്ധപ്പെടുത്തുന്നത് മുഖ്യ മന്ത്രിക്ക് അതിനേക്കാൾ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

പൊലീസിൻെറ നിയന്ത്രണം ശശിയുടെയും അജിത്തിൻെറയും കൈകളിൽ ആണെന്ന് ജില്ലാ പൊലിസ് മേധാവിയുടെ റാങ്കിലുളള ഉദ്യോഗസ്ഥൻ എം.എൽ.എയുമായുളള സംഭാഷണത്തിൽ തുറന്നുപറയുകയാണ്. ഇത് സംസ്ഥാന പൊലീസിനെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ശരിവെയ്ക്കുന്നതാണ്.


പി.ശശി അമിതാധികാരത്തിൻെറ പ്രതീകമായി മാറുന്നു എന്നാണ് പൊതുവിലുളള ആക്ഷേപം. കാലത്തിൻെറ മാറ്റം തിരിച്ചറിയാതെ സർക്കാരിനും ഭരണനേതൃത്വത്തിനും എതിരെ വിമർശനം ഉന്നയിക്കുന്ന ആളുകളെ പൊലിസിനെ വിട്ട് പിടികൂടുന്ന ശൈലിയാണ് പി.ശശി ഇപ്പോഴും പയറ്റുന്നത്.


സ്വപ്ന സുരേഷിനെയും കൂട്ടാളിയായ സരിത്തിനെയും അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കമാണ് ഇതിൻെറ ഏറ്റവും നല്ല ഉദാഹരണം. ആ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് എം.ആർ.അജിത് കുമാറാണ്.ഈ കൂട്ടു കെട്ടിൻെറ അവിഹിത ഇടപെടലുകളാണ് ഉന്നത പൊലിസ് ഉദ്യേഗസ്ഥൻെറ സംഭാഷണത്തിലൂടെ സാക്ഷ്യപ്പെടുത്തപ്പെട്ടത്. ഇത് സർക്കാരിനുണ്ടാക്കുന്ന നാണക്കേട് ചെറുതല്ല. പൊലീസിൻെറ തെറ്റായ പോക്ക് ഏത് ദിശയിലാണെന്നതിൻെറ കൃത്യമായ സൂചനയാണ് ഈ വിവാദത്തിലൂടെ പുറത്തുവരുന്നത്.

സർക്കാറിനെതിരെ പൊലീസിൽ ഒരു ലോബിയുണ്ടന്നും അതിന്റെ തലവൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം ആർ അജിത്കുമാറാണ് എന്നും പി.വി.അൻവർ ആവർത്തിക്കുകയാണ്. പൊലീസിലെ നെക്സസിനെതിരെ അന്വേഷണം വേണമെന്നും സി.പി.എമ്മിന്റെ സ്വതന്ത്ര എം.എൽ.എ കൂടിയായ പി.വി.അൻവർ ആവശ്യപ്പെടുന്നു. എന്നാൽ അജിത്കുമാറിനെതിരായ വെളിപ്പെടുത്തൽ നടത്തിയ മലപ്പുറത്തെ മുൻ എസ്.പി കൂടിയായ സുജിത്ത് ദാസിനെയും അൻവർ വെറുതെ വിടുന്നില്ല. അനവധി  നിരപരാധികൾക്കെതിരെ കള്ളകേസുകൾ എടുത്തിട്ടുളളയാളാണ് സുജിത്ത് ദാസ് എന്നാണ് എം.എൽ.എയുടെ വെളിപ്പെടുത്തൽ.


പൊലീസിന് എതിരായ വിമർശനങ്ങളിൽ  പി.വി അൻവറിനെ പിന്തുണച്ച് തവനൂർ എം.എൽ.എയായ കെ.ടി ജലീലും രംഗത്തെത്തി. അൻവർ‍ ഉന്നയിച്ച വിഷയങ്ങളിൽ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന്  ജലീൽ ആവശ്യപ്പെട്ടു. ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന്റെ വെളിപ്പെടുത്തിലിലും അന്വേഷണം വേണമെന്നാണ് ജലീലിൻെറ ആവശ്യം.


 എം.ആർ.അജിത് കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം.ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും കെ.ടി ജലീൽ ആരോപിച്ചു. ഐ.പി.എസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെ പെരുമാറുന്നുവെന്നും പൊതുപ്രർവർത്തകരോട് ഉന്നത ഉദ്യോഗസ്ഥർക്ക് പുച്ഛമാണെന്നും ജലീൽ കുറ്റപ്പെടുത്തി.ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും  ജലീൽ ഫേസ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം എം.ആർ അജിത് കുമാർ സംസ്ഥാന പൊലിസ് മേധാവി അടക്കമുളള ഉന്നത  ഉദ്യോഗസ്ഥരെയും കണ്ടു.തന്നെ പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും സംശയത്തിലാക്കുകയും ചെയ്ത സുജിത്ത് ദാസിനെതിരെ കർശന നടപടി വേണമെന്ന് അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൊലിസ് ആസ്ഥാനത്തിൻെറ ചുമതലയുളള എ.ഡി.ജി.പി എസ്.ശ്രീജിത്തുമായും അജിത് കുമാർ സംസാരിച്ചു.


കേസിൽ നിന്ന് ഒഴിവാകാൻ എം.എൽ.എയോട് കേണപേക്ഷിക്കുന്ന  സുജിത് ദാസിൻെറ നടപടി ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് നാണക്കേടായിട്ടുണ്ട്. എന്നാൽ പി .ശശിയും എം.ആർ അജിത് കുമാറും ചേർന്ന് പൊലീസിൻെറ നിയന്ത്രണം കൈയ്യാളുന്നതിലുളള അതൃപ്തിയാണ് സുജിത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണ്  ഒരു വിഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വാദം..


 

Advertisment