/sathyam/media/media_files/2025/12/14/new-project-2-2025-12-14-13-41-50.jpg)
തിരുവനന്തപുരം : തദ്ദേശത്തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഷോക്കേറ്റ് തരിച്ച് ഇടതുമുന്നണിയും സി.പി.എമ്മും. വളരെ എളുപ്പത്തിൽ വിജയിക്കാമെന്ന് കരുതിയിറങ്ങിയ എൽ.ഡി.എഫിനെ ജനങ്ങളുടെ വലിയ പിന്തുണയിൽ യു.ഡി.എഫ് ശിക്ഷിച്ചപ്പോൾ ഭരണവിരുദ്ധവികാരത്തിന്റെ പങ്ക് പറ്റാൻ ബി.ജെ.പിയും മറന്നില്ല.
തദ്ദേശത്തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി എൽ.ഡി.എഫിന്റെ മുന്നേറ്റത്തിന് വഴി തുറക്കാൻ ശ്രമിച്ചുവെങ്കിലും അതും പാളിപ്പോയി. അപ്രതീക്ഷിതമായി ഉണ്ടായ പരാജയത്തിന്റെ ഞെട്ടലിൽ നിന്നും കരകയറാനാവും മുമ്പ് സി.പി.എമ്മിൽ പടപ്പുറപ്പാടിനുള്ള നീക്കം തുടങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.
രണ്ട് തവണ പാർട്ടിയെ ഭരണത്തിലെത്തിച്ചുവെന്ന മികവ് പിണറായിക്ക് അവകാശപ്പെടാനാവുമെങ്കിലും ഇത്തവണത്തെ കനത്ത തിരിച്ചടി പാർട്ടിയിലെ മുഖ്യമന്ത്രിയുടെ ശക്തി ചോർത്തിയേക്കും. അതുകൊണ്ട് തന്നെ പിണറായിക്കെതിരായി ഒരു പടപ്പുറപ്പാട് രൂപം കൊണ്ടാലും അതിശയപ്പെടാനില്ല.
ഏറ്റവും അവസാനമുണ്ടായ 'പി.എം-ശ്രീ' വിഷയത്തിലടക്കം ഇടതുമുന്നണിയിൽ രൂപപ്പെട്ട എതിർപ്പ് സി.പി.എമ്മിലേക്കും പടർന്നേക്കും. പാർട്ടിയിലെ പിണറായി വിരുദ്ധ ചേരിക്ക് എണ്ണ പകരുന്ന തരത്തിൽ എം.വി ഗോവിന്ദനും എം.എ ബേബിയും ഒരുമിച്ചാൽ സി.പി.എം വീണ്ടും കലാപ കലുഷിതമാകും.
വി.എസ് - പിണറായി കാലത്തെ വിഭാഗീയത നിലവിലില്ലെങ്കിലും പിണറായി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കേണ്ടെന്ന തീരുമാനത്തിലേക്ക് മാറാൻ ബേബി - ഗോവിന്ദൻ പക്ഷം ശാഠ്യം പിടിച്ചാൽ അത് പാർട്ടിക്കുള്ളിൽ ഒരു വടംവലി സൃഷ്ടിക്കും.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിലായ എ.പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തതിനെതിരെ കടുത്ത അമർഷമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനം വേണ്ടെന്നായിരുന്നു സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
തിരുവതാംകൂർ ദേവസ്വം ബോർഡ് ്രപസിഡന്റായിരുന്ന പത്മകുമാറിനെ പിന്നിട്ട് പിണറായി വിജയൻ മന്ത്രിസഭയിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളിക്ക് നേരെ ആരോപണം ഉയർന്നിട്ടും പാർട്ടി തല അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടെത്താൻ സി.പി.എം മുതിർന്നില്ല.
എം.വി ഗോവിന്ദൻ റബ്ബർ സ്റ്റാമ്പാണെന്നും പാർട്ടിയിൽ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് പിണറായി വിജയനാണെന്നും പിണറായി വിരുദ്ധ ചേരിയിലെ ചില പാർട്ടി അംഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന - ദേശീയ സെക്രട്ടറിമാർ പാർട്ടിയെ വരിഞ്ഞു മുറുക്കാൻ ശ്രമിച്ചേക്കുമെന്നും സൂചനകളുണ്ട്.
പിണറായി വിജയന്റെ ശക്തിദുർഗമായ കണ്ണൂർ ജില്ലയിലും പാർട്ടിയിലെ ചേരിതിരിവ് രൂക്ഷമാണ്. ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും ജനകീയനായ നേതാവ് പി.ജയരാജൻ പിണറായി വിഭാഗത്തോട് ഇടഞ്ഞ് നിൽക്കുകയാണ്. മുമ്പ് പി.വി അൻവർ മുന്നണി വിടും മമ്പ് പിണറായിക്ക് എതിരെ ഉയർത്തിയ ആരോപണങ്ങൾ ജയരാജന്റെ ആശീർ വാദത്തോടെയാണെന്ന് വാദമുയർന്നിരുന്നു.
കണ്ണൂർ ജില്ലയിലെ സ്വർണ്ണം പൊദട്ടിക്കൽ അടക്കമുള്ള വിഷയങ്ങളുയർത്തി അന്ന് ഔദ്യോഗിക പക്ഷം ജയരാജനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. നിലവിൽ പിണറായിക്കെതിരെ പാർട്ടിയിൽ പടപ്പുറപ്പാടുണ്ടായാൽ പി.ജയരാജന്റെ പിന്തുണയും എം.എ ബേബി - ഗോവിന്ദൻ പക്ഷങ്ങൾക്ക് ലഭിക്കാനിടയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us