പാലക്കാട് : ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ.
സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് ദയനീയ തോൽവിക്ക് കാരണമെന്നും സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത് സംസ്ഥാന നേതൃത്വമാണെന്നും പ്രമീളാ ശശിധരൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.
ലോകസഭയിലും നിയമസഭയിലും എല്ലാം ഒരേ സ്ഥാനാർഥി വേണ്ടെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞതാണ്. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നു.
പൊതുജന അഭിപ്രായം മാനിച്ച് തീരുമാനങ്ങൾ സ്വീകരിക്കണമെന്നും പ്രമീളാ ശശിധരൻ ആവശ്യപ്പെട്ടു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണം ബി.ജെ.പി ഭരിക്കുന്ന നഗരസഭാ ഭരണസമിതിയോടുളള എതിർപ്പാണെന്ന് വിമർശനം ഉയർന്നിരുന്നു.
തോൽവിയുടെയും വോട്ടുകുറഞ്ഞതിൻെറയും ഉത്തരവാദിത്തം മുഴുവൻ നഗരസഭാ ഭരണസമിതിക്ക് മേൽ ചാരാനുളള നീക്കത്തെ പ്രതിരോധിക്കുന്നതിൻെറ ഭാഗമായാണ് പ്രമീള മാധ്യമങ്ങളെ കണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നതെന്ന് പ്രമീള ശശിധരൻ പറഞ്ഞു. നഗരസഭ ഭരണം മുന്നോട്ട് കൊണ്ടു പോകേണ്ടത് ജില്ല നേതൃത്വമാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൗൺസിലർമാർ ഒരുമിച്ച് പ്രവർത്തിച്ചു. മറിച്ചുളള പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്താതാണ്. തൻെറ വാർഡിൽ വോട്ട് കുറഞ്ഞു എന്നതും തെറ്റായ പ്രചരണമാണ്. തൻെറ വാർഡിൽ എല്ലാ വോട്ടും കിട്ടി.കൃഷ്ണകുമാറിന് വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നേതൃത്വം പരിശോധിക്കട്ടെയെന്നും പ്രമീള ശശിധരൻ ആവർത്തിച്ച് ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ പാലക്കാട്ടെ സ്വാധീന മേഖല നഗരസഭയിൽ ഉൾപ്പെട്ട പ്രദശങ്ങളാണ്. ബി.ജെ.പിക്ക് വൻതോതിൽ വോട്ട് ലഭിക്കുന്ന മൂത്താൻതറ,വടക്കുംന്തറ, കൽപ്പാത്തി, പൂത്തൂർ മേഖലകൾ നഗരസഭയിലാണ്. എന്നാൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ നഗരസഭയിൽ 4590 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാത്ഥി സി.കൃഷ്ണകുമാർ പിന്നിൽ പോയി.
8000 വോട്ടിൻെറ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്താണ് 4590 വോട്ടിന് പിന്നിൽ പോയത്. ഇതോടെ പ്രതീക്ഷ കൈവിട്ട ബി.ജെ.പി നാണംകെട്ട തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ നിന്ന് ബി.ജെ.പിക്ക് നല്ലനിലയിൽ വോട്ട് ലഭിക്കുകയും ചെയ്തു.
നഗരസഭാ പ്രദേശത്ത് കാലുവാരൽ നടന്നുവെന്ന നിഗമനത്തിലേക്കാണ് ഇതിലൂടെ പാർട്ടി നേതൃത്വം എത്തിയിരിക്കുന്നത്. ശോഭാ സുരേന്ദ്രനെ ഒഴിവാക്കി സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് നഗരസഭയിലെ 6 ബി.ജെ.പി കൗൺസിലർമാർ പ്രവർത്തന രംഗത്ത് സജീവമല്ലായിരുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു.
ജില്ലാ നേതൃത്വം ഇത് നിഷേധിച്ചിരുന്നു എങ്കിലും ആരോഗ്യകാരണങ്ങൾ നിരത്തി ചില കൗൺസിലർമാർ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നില്ല എന്നത് വാസ്തവമായിരുന്നു.വോട്ടെണ്ണലിൻെറ രണ്ടാം റൗണ്ടിൽ ബി.ജെ.പി സ്ഥാനാർത്ഥി യു.ഡി.എഫിന് പിന്നിൽ പോയിരുന്നു.നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരൻെറ വാർഡ് ഉൾപ്പെടുന്ന പ്രദേശമായ പുത്തൂർ മേഖലയാണ് രണ്ടാം റൗണ്ടിൽ വരുന്നത്.
ഇതും നഗരസഭാ ഭരണത്തെ കുറിച്ചുളള അതൃപ്തി വോട്ടുചോർച്ചക്ക് കാരണമായെന്ന സംശയം ബലപ്പെടുത്തി.വിമർശനങ്ങൾക്ക് മറുപടിയുമായി പ്രമീളാ ശശിധരൻ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിലെ പടലപിണക്കവും തോൽവിക്കും വോട്ടുചോർച്ചക്കും കാരണമായെന്ന് വെളിവാക്കപ്പടുകയാണ്.