നിസാര വകുപ്പുകൾ ചുമത്തി, കുറ്റക്കാരയ ഡോക്ടർമാരെ സംരക്ഷിക്കുന്നു, ഒൻപതു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയതിൽ ആരോപണവുമായി കുടുംബം

New Update
vinodini

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഒൻപതു വയസുകാരി വിനോദിനിയുടെ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിക്കുന്നതായി ആരോപണം. ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിസാര വകുപ്പുകളാണ് ഡോക്ടർമാർക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നതെന്നും വിനോദിനിയുടെ അമ്മ ആരോപിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് വിനോദിനിയുടെ കൈമുറിച്ചു മാറ്റേണ്ടി വന്നത്. പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ നൽകിയില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഒരു മാസം കഴിഞ്ഞ് രണ്ട് ജൂനിയർ ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

കുടുംബത്തിൻ്റെ പരാതിയിൽ, അശ്രദ്ധമായ പ്രവൃത്തിയിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുക എന്ന വകുപ്പ് ചുമത്തി ഡോക്ടർമാർക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. എന്നാൽ മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന നിസാര വകുപ്പാണ് ഡോക്ടർമാർക്കെതിരെ ചുമത്തിയത്. കുട്ടിയുടെ കൈ നഷ്ടപ്പെട്ട സംഭവത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

ചികിത്സാ പിഴവിനെ കുറിച്ച് അന്വേഷിക്കുന്ന ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം കൈ നഷ്ട്ടപെട്ട വിനോദിനിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന് രണ്ടരമാസം കഴിഞ്ഞ് മാതാപിതാക്കളുടെ മൊഴിയെടുത്തെങ്കിലും തുടർ നടപടികളൊന്നുമില്ല. ഡോക്ടർമാരെ സസ്പെൻഡ് ചെയ്തത് ഒഴികെ നാളിതുവരെ മറ്റൊരു നടപടിയും സർക്കാർ ചെയ്തിട്ടുമില്ല. നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിലും കുടുംബത്തെ ഫോണിലൂടെയും അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്നും കുടുംബം വ്യക്തമാക്കി.

Advertisment
Advertisment