/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കോട്ടയം: കോട്ടയത്ത് ശ്രദ്ധേയമായി വിമതന്മാരുടെ സാന്നിധ്യം. പാലാ നഗരസഭയിൽ രണ്ടു വാർഡുകളിൽ കോൺഗ്രസിന് വിമതരുടെ വെല്ലുവിളി നേരിടുന്നു. നഗരസഭ 17ാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന അർജുൻ ബാബുവാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. ഇവിടെ കോൺഗ്രസിന്റെ റിബൽ സ്ഥാനാർത്ഥിയായി രഞ്ജു മത്സരരംഗത്തുണ്ട്.
19ാം വാർഡിലും കോൺഗ്രസിന് ഭീഷണിയായി റബർ സ്ഥാനാർത്ഥി രംഗത്തുണ്ട്. ഇവിടെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീഷ് ചൊല്ലാനിയാണ് കൈപ്പത്തി അടയാളത്തിൽ മത്സര രംഗത്തുള്ളത്. എന്നാൽ നിലവിലെ കൗൺസിലറും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ മായാ രാഹുൽ റിബൽ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.
ഇവിടെ നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. വാർഡ് ജനറൽ വിഭാഗത്തിലേക്ക് മാറിയതോടെ മറ്റൊരു വാർഡിൽ മത്സരിക്കാൻ മായ രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
തുടർന്ന് തന്റെ വാർഡ് തന്നെ നൽകണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം കൈവിട്ടതോടെയാണ് മായ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തുന്നത്. കേരള കോൺഗ്രസ് എമ്മിലെ ബിന്നിച്ചൻ ഇടേട്ടാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി.
എലിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡിലും യു.ഡി.എഫ് സ്‌ഥാനാർഥികളായി രണ്ടുപേർ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണത്തിലാണ്. യുഡിഎഫ് സ്വതന്ത്രയായി സിനി ജോയിയും ഡി.സി.സി പ്രഖ്യാപിച്ച കോൺഗ്രസ് പ്രതിനിധി ആനിയമ്മയുമാണ് യു.ഡി.എഫ് സ്‌ഥാനാർഥിയായി പ്രചാരണം തുടങ്ങിയത്. ഇരുവരും സോഷ്യൽമീഡിയ പോസ്‌റ്ററുകളും ബോർഡുകളുമായി രംഗത്തിറങ്ങി.
സിനി ജോയി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ഒന്നാംവാർഡിൽ നിന്ന് എൽ.ഡി.എഫിലെ കേരളകോൺഗ്രസ്(എം) പ്രതിനിധിയായ പഞ്ചായത്തംഗമായിരുന്നു. കേരള കോൺഗ്രസ്(എം) ഇത്തവണ സീറ്റ് നൽകിയില്ല.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ വാർഡിൽ അവരുടെ പിന്തുണയോടെ സ്വതന്ത്ര സ്‌ഥാനാർഥിയായി യു.ഡി.എഫിന്റെ ഭാഗമായാണ് മത്സരിക്കാനിറങ്ങിയതെന്ന് സിനി ജോയി വിശദീകരിച്ചു. എന്നാൽ, കോൺഗ്രസിന് അനുവദിച്ച വാർഡാണെന്നും ഡി.സിസി പ്രഖ്യാപിച്ച ആനിയമ്മയാണ് തങ്ങളുടെ സ്‌ഥാനാർഥിയെന്നുമാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.
ഇവിടെ എൽ.ഡി.എഫ് സ്‌ഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിലെ ജാൻസി ബേബി ആയിലൂക്കുന്നേലും എൻ.ഡി.എ സ്‌ഥാനാർഥിയായി അനിതാ ടോജോയും മത്സരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us