സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ വധഭീഷണിയുമായി സിപിഎം. സംഭവം പാലക്കാട് അടപ്പാടിയിൽ. വിമതനെതിരെ ഭീഷണി മുഴക്കിയത് സി.പിഎം അഗളി ലോക്കൽ സെക്രട്ടറി. ആന്തൂരിലും മലപ്പട്ടത്തും സി.പി.എം ഭീഷണിയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ

New Update
CPIM

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ സി.പി.എം വിമത സ്ഥാനാർത്ഥിക്കെതിരെ വധഭീഷണിയുമായി സി.പി.എം പ്രാദേശിക നേതൃത്വം രംഗത്ത്. സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് സിപിഎം നേതാവിന്റെ വധഭീഷണി.

Advertisment

അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണനെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 

സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍ ഫോണില്‍  ഭീഷണിപ്പെടുത്തുന്നിന്റെ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. വാർഡിൽ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്. 

 ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ വിളിച്ച് ഭീഷണി മുഴക്കിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്.

നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളുവെന്നും പത്രിക പിന്‍വലിക്കില്ലെന്നും എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണന്‍ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ മറുപടി പറയുന്നത്.

അതേസമയം, പത്രിക പിന്‍വലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി ആര്‍ രാമകൃഷ്ണന്‍ പറഞ്ഞു. 
ആരോപണം ജംഷീര്‍ നിഷേധിച്ചിട്ടില്ല. 42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണന്‍ അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

രാമകൃഷ്ണന്‍ ഇപ്പോഴും പാര്‍ട്ടി അംഗമാണ്. അതേസമയം, അവര്‍ ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തില്‍ തമാശയായി സംസാരിച്ചതെന്നുമാണ് സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരന്റെ വിശദീകരണ ക്യാപ്സ്യൂൾ കണ്ണൂരിലെ ആന്തൂരിലും മലപ്പട്ടത്തും ഭീഷണിയുമായി സി പി എം രംഗത്തുണ്ടെന്നാണ് നോമിനേഷൻ തള്ളിയവരും സ്ഥാനാർത്ഥികളും വ്യക്തമാക്കുന്നത്.

മലപ്പട്ടം പഞ്ചായത്ത് കൊവുന്തല വാര്‍ഡില്‍ താന്‍ നല്‍കിയ പത്രിക തള്ളിയത് സി.പി.എം ഭീഷണിയിലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിത്യശ്രീ ആരോപിച്ചു. രണ്ട് ഒപ്പിലും വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പത്രിക തള്ളിയതിന് കാരണമായി പറഞ്ഞത്.

താന്‍ തന്നെ പഞ്ചായത്തില്‍ നേരിട്ടെത്തിയാണ് നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടതെന്നും നിത്യ ശ്രീ പറഞ്ഞു. അതു തന്റെ ഒപ്പാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ വളഞ്ഞു നിന്ന സി.പി.എം പ്രവര്‍ത്തകരോട് പറഞ്ഞുവെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

തന്റെ പത്രിക ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സി.പി.എം പ്രവര്‍ത്തകര്‍ തള്ളിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അക്രമിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ഇതു കാരണമാണ് മത്സരിക്കാന്‍ കഴിയാതെ പോയതെന്നും നിത്യശ്രീ പറഞ്ഞു.

ബിരുദധാരിണിയായ തന്റെ പത്രിക തള്ളിയതിനു ശേഷം മടങ്ങുമ്പോള്‍ വിദ്യാഭ്യാസമില്ലെന്ന് വിളിച്ചു ആക്ഷേപിച്ചു. നിരന്തര ഭീഷണി കാരണമാണ് യു.ഡി.എഫിന് രണ്ടു വാര്‍ഡുകളില്‍ പത്രിക നല്‍കാന്‍ കഴിയാഞ്ഞതെന്നും നിത്യ ശ്രീ പറഞ്ഞു.

സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെയും ഭാര്യ പി.കെ ശ്യാമളയുടെയും നേതൃത്വത്തിലാണ് ആന്തൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പിന്‍തുണ നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി അബ്ദുള്‍ റഷീദ് പറഞ്ഞു. ജനാധിപത്യത്തെ  അട്ടിമറിക്കുകയാണ് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സി.പി.എം ചെയ്യുന്നതെന്നും അബ്ദുള്‍ റഷീദ് ആരോപിച്ചു.

Advertisment