മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന പി.വി അൻവർ എം.എൽ.എക്കൊപ്പമാണോ സി.പി.എമ്മിനൊപ്പമാണോ എന്ന കാര്യം ഒക്ടോബർ രണ്ടിന് വെളിപ്പെടുത്തുമെന്നും അക്കാര്യം കേരളീയ പൊതുസമൂഹത്തോട് പറയേണ്ടതുണ്ടെന്നും കെ.ടി ജലീൽ എം.എൽ.എ.
എ.ഡി.ജി.പി അജിത് കുമാറിനെതിരെ വരെ അൻവർ ഉന്നയിച്ച കാര്യങ്ങളോട് എനിക്ക് യോജിപ്പാണുണ്ടായിരുന്നത്. അദ്ദേഹം അഭ്യർഥിച്ചിട്ടല്ല യോജിപ്പ് അറിയിച്ചത്. അദ്ദേഹം എന്നോട് പിന്തുണ ചോദിച്ചിട്ടുമില്ല. അതിനപ്പുറത്തേക്കുള്ള വിഷയങ്ങളിൽ ഒക്ടോബർ രണ്ടിന് മാധ്യമങ്ങളോട് സംസാരിക്കും.
എ.ഡി.ജി.പിക്ക് മുകളിലുള്ളവർക്കെതിരെ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട നിലപാട് അന്ന് എന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തക റിലീസിങ് സമയത്ത് പറയും. പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ കാര്യങ്ങൾ വന്നതിന് ശേഷം അഭിപ്രായം പറയുകയാവും നന്നാവുക’ -ജലീൽ പറഞ്ഞു.