അമേരിക്കൻ തീരുവ: സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്താൻ മൂല്യവർധിത ഉൽപാദനത്തിന് ഊന്നൽ നൽകണം

New Update
Photo 1 (1)

കൊച്ചി: അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹാരമായി സമുദ്രോൽപന്ന മൂല്യവർധിത ഉൽപാദനത്തിന് ഊന്നൽ നൽകണമെന്നും വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് ആഗോള മറൈൻ സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംഗമത്തിലാണ് നിർദേശം.
 
അമേരിക്ക ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു. സമുദ്രോൽപന്ന കയറ്റുമതി രംഗം പിടിച്ചു നിർത്തുന്നതിന് വിപണി വൈവിധ്യവൽകരണത്തിനും ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധന നൽകുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

2025 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഏകദേശം 6 ശതമാനം കുറവുണ്ടായി. എന്നാൽ, ഇതേ കാലയളവിൽ ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ വളർച്ചയുണ്ടായിട്ടുണ്ട്.

സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പുകളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
മത്സ്യബന്ധന മേഖലയുടെ പുനരുജ്ജീവനത്തിനായി ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിലും പുനഃസംസ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യവസായ സംഗമം ശുപാർശ ചെയ്തു.

ഗവേഷകർ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലൂടെ മേഖലയിൽ സ്റ്റാർട്ടപ്പ് സംവിധാനം ശക്തിപ്പെടുത്തണം. സമുദ്രോൽപന്നങ്ങൾ അതേ രൂപത്തിൽ മൊത്തമായി കയറ്റുമതി ചെയ്യുന്ന രീതിയിൽ നിന്ന് മാറി, റെഡി ടു ഈറ്റ് രൂപത്തിലുള്ള മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റുമതി ചെയ്യണം. ബ്രെഡഡ് സ്‌ക്വിഡ് റിംഗുകൾ, സുരിമി ഉൽപ്പന്നങ്ങൾ, ഫിഷ് ഫില്ലറ്റുകൾ എന്നിങ്ങനെ വിവിധതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം.

നിലവിൽ ഇന്ത്യയുടെ മൂല്യവർദ്ധിത കടൽവിഭവ കയറ്റുമതി 742 മില്യൺ യു.എസ്. ഡോളറാണ്. ഇത് ചൈന, തായ്‌ലൻഡ്, വിയറ്റ്നാം, ഇക്വഡോർ, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന എതിരാളികളേക്കാൾ വളരെ പിന്നിലാണെന്നും യോഗം വിലയിരുത്തി.

ആഗോള വിപണിയിൽ മത്സരക്ഷമത വീണ്ടെടുക്കുന്നതിന് എക്‌സ്‌ക്ലൂസീവ് അക്വാകൾച്ചർ സോണുകൾ പ്രഖ്യാപിക്കാനും സ്വതന്ത്ര വ്യാപാര കരാറുകൾക്ക് വേഗത കൂട്ടാനും  വ്യവസായ സംഗമം നിർദേശിച്ചു.

മത്സ്യകർഷകർ, മത്സ്യത്തൊഴിലാളികൾ, കയറ്റുമതി, ചെമ്മീൻ ഉത്പാദനം, ഫിഷ് മീൽ, അക്വാ ഫീഡുകൾ, സാഹസിക കായിക വിനോദങ്ങൾ, തീരദേശ ഇക്കോടൂറിസം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

സിഫ്‌ററ് ഡയറക്ടർ ഡോ ജോർജ് നൈനാൻ, സിഎംഎഫ്ആർഐ ഡയറക്ടർ ജോ ഗ്രിൻസൺ ജോർജ്,  ഡോ എ ജെ തരകൻ, എംപിഇഡിഎ ഡയറക്ടർ ഡോ റാം മോഹൻ, ജോയിന്റ് ഡയറക്ടർ അനിൽകുമാർ,  ഡോ. ജോ കെ. കിഴക്കൂടൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment
Advertisment