/sathyam/media/media_files/2025/11/17/antibiotic-medicines-2025-11-17-19-41-38.jpg)
തിരുവനന്തപുരം: മലയാളികൾ ഒരു വർഷം തിന്നുതീർക്കുന്നത് 6000കോടിയുടെ ആന്റിബയോട്ടിക് മരുന്നുകൾ. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്ന് ഇവയുടെ അമിത ഉപയോഗം നിയന്ത്രിക്കാർ കർശന നടപടികളെടുക്കുകയാണ് സർക്കാർ.
ആന്റിബയോട്ടിക് സാക്ഷര കേരളം, ആരോഗ്യ സുരക്ഷിത കേരളം എന്ന പേരിൽ ജനകീയ ക്യാമ്പെയിന് സർക്കാർ തുടക്കമിടുകയാണ്. കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന് നേരത്തേ ഉത്തരവിറക്കിയിരുന്നു.
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു.
ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളം ശക്തമായ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്.
2024-ൽ മാത്രം സംസ്ഥാനത്ത് 1037കോടി രൂപയുടെ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറഞ്ഞതായാണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ കണക്ക്.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
ആന്റിബയോട്ടിക് മരുന്നുകള്‍ ഫലിക്കാതായാല്‍ കാന്‍സര്‍, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ മാത്രമല്ല ചെറിയ മുറിവില്‍ നിന്നുള്ള അണുബാധപോലും ഗുരുതരമായി മാറിയേക്കാം.
ശസ്ത്രക്രിയകള്‍ അസാധ്യമാകും, പ്രസവ ചികിത്സ ദുഷ്‌കരമാകും.
ബാക്റ്റീരിയ മൂലമുള്ള ചില രോഗങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങള്‍ ഭൂരിഭാഗവും വൈറസുകള്‍ മൂലമാണ്. അവയെ ഭേദമാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് കഴിയില്ല.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്.
ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മറ്റൊരു അവസരത്തില്‍ വീണ്ടും ഉപയോഗിക്കരുത്. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ പൂര്‍ണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്ന കാരണത്താല്‍ അവ ഇടയ്ക്കുവെച്ച് നിര്‍ത്തരുത്.
രോഗാണുക്കൾ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ഭീഷണി മുന്നിൽക്കണ്ടാണ് കർമപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കംകുറിച്ചത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ലെന്ന നിർദേശം നല്ലരീതിയിൽ നടപ്പാക്കാൻ കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് പുതിയ ക്യാമ്പെയിനിലൂടെ സർക്കാർ നല്‍കുന്നത്.
ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us