/sathyam/media/media_files/2024/12/16/5QLBQPOVuSbg12D6I7kN.jpeg)
ശിവഗിരി: സനാതന ധര്‍മ്മം എന്നത് വര്‍ണ്ണശ്രമം ആണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി അതും സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് വര്‍ക്കല ശിവഗിരിയില്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
സനാതനധര്‍മ്മത്തെ സംഘ്പരിവാറിന് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുകയാണ്. സനാതന ധര്‍മ്മം എന്നത് സാംസ്‌ക്കാരിക പൈതൃകമാണ്. അദ്വൈതവും തത്ത്വമസിയും വേദങ്ങളും ഉപനിഷത്തുകളും അതിന്റെ സാരാംശങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് സനാതന ധര്‍മ്മം.
അതെല്ലാം സംഘ്പരിവാറിന്റേതാണെന്നാണ് പറയുന്നത്. അമ്പലത്തില്‍ പോകുന്നവരും ചന്ദനം ഇടുന്നവരും കാവി ഉടുക്കുന്നവരെല്ലാം ആര്‍.എസ്.എസ് ആണെന്നു പറയുന്നതു പോലെയാണ് ഇതും.
സനാതനധര്‍മ്മം
സനാതനധര്‍മ്മവും സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് വിട്ടുകൊടുക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്.
വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധര്‍മ്മത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധര്‍മ്മത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല.
സനാതന ധര്‍മ്മത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്.
പണ്ട് കാവി വത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്‍.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടത്.
കാവി വത്ക്കരണം
വയനാട് പുനരധിവാസ യോഗത്തില്‍ പങ്കെടുക്കുകയും സര്‍ക്കാരിന് പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സര്‍ക്കാരിന് കുറെക്കൂടി വ്യക്തത വേണം.
ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ വേഗത്തിലാക്കണം. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതാണ്.
നേരത്തെ പ്രഖ്യാപിച്ച സമയത്ത് അത് പൂര്‍ത്തിയാക്കണം. വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയാല്‍ മാത്രം തീരുന്ന പ്രശ്നമല്ല വയനാട്ടിലേത്.
മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വരുമാനവും ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണം.
വലിയ വീടിനേക്കാള്‍ പ്രധാനം കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്.
അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.
മൈക്രോ ലെവല്‍ പാക്കേജ്
മൈക്രോ ലെവല്‍ പാക്കേജിനെ കുറിച്ച് ആലോചിക്കാമെന്നു പറയുന്ന സര്‍ക്കാര്‍, പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല.
ആരാണ് യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക തയാറാക്കാത്തത് സങ്കടകരമാണ്.
പുനരധിവാസത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോകാന്‍ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തത്.
ഇത്രയും മാസമായിട്ടും ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്ക് പോലുമില്ല.
ആദ്യം തയാറാക്കിയ പട്ടികയില്‍ ഇരട്ടിപ്പുണ്ടായി. പഞ്ചായത്ത് അധികൃതരുമായി പോലും ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ല. വേണ്ട രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്.
പുനരധിവാസത്തില്‍ സര്‍ക്കാര്‍ കുറേക്കൂടി ശ്രദ്ധ കാട്ടണമെന്നും വിഡി സതീശന്‍ പറഞ്ഞു.