സര്‍ക്കാര്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണം. മന്ത്രിസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വിഡി സതീശന്‍

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

New Update
35353533

തിരുവനന്തപുരം: വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 


Advertisment


ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന തുച്ഛ വേതനത്തിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 



അടിസ്ഥാനവര്‍ഗത്തിന്റെ ആനുകൂല്യങ്ങള്‍ നിരന്തരം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണെന്നത് മറക്കരുത്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. 


ജീവക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശകയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്‍ ആദ്യമായി വെട്ടിക്കുറച്ച സര്‍ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.



സര്‍ക്കാര്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. എന്നിട്ടും അതിന്റെ പാപഭാരം മുഴുവനായി നികുതിയും സെസും നിരക്ക് വര്‍ധനകളുമായി സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. 

അര്‍ഹമായ തസ്തികകള്‍ അനുവദിക്കാതെയും ആനുകൂല്യങ്ങള്‍ പിടിച്ചുവച്ചും പി.എസ്.സിയിലെ സാധാരണ ജീവനക്കാരെ ദ്രോഹിക്കുന്ന അതേ സര്‍ക്കാരാണ് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത്. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് ഈ ഒരൊറ്റ മന്ത്രിസഭാ തീരുമാനത്തിലൂടെ വ്യക്തമാണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment