/sathyam/media/media_files/2026/02/25/v-joy-seema-rahim-2026-02-25-21-04-04.jpg)
തിരുവനന്തപുരം: വി.ജോയി വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിൽ തലസ്ഥാന ജില്ലയിലെ പുതിയ സെക്രട്ടറി ആരാകുമെന്ന ചർച്ച സജീവമായി.
ജില്ലാ സെക്രട്ടറിമാർ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകിയാണ് വി. ജോയിയെ മൂന്നാം തവണയും നിയമ സഭയിലേക്ക് മത്സരിപ്പിക്കുന്നത്.
ജില്ലാ സെക്രട്ടറിമാർ മത്സര രംഗത്തിറങ്ങിയാൽ അപ്പോൾ തന്നെ സെക്രട്ടറി പദവി ഒഴിയണം എന്നാണ് സംസ്ഥാന സമിതിയുടെ നിർദ്ദേശം.
അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒപ്പം തന്നെ പുതിയ ജില്ലാസെക്രട്ടറിയെ കൂടി പ്രഖ്യാപിക്കേണ്ടതുണ്ട്. അതാണ് പുതിയ ജില്ലാ സെക്രട്ടറി ആരാകുമെന്ന ചർച്ചകൾ സജീവം ആകാൻ കാരണം.
ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾക്കായിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളിൽ വി.ജോയിയെ കൂടാതെ വി.ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ഡി.കെ.മുരളിയും മത്സര രംഗത്ത് ഉണ്ട്.
ബാക്കിയുള്ള സംസ്ഥാന സമിതി അംഗങ്ങളിൽ എം. വിജയ കുമാർ 75 പ്രായപരിധി പിന്നിട്ട ആളാണ്. അവശേഷിക്കുന്ന സംസ്ഥാന സമിതി അംഗങ്ങൾ എ.എ. റഹിം, ഡോ. ടി.എൻ സീമ എന്നിവരാണ്.
എ.എ. റഹിം നിലവിൽ രാജ്യസഭാംഗമാണ്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതകുറവാണ്.
2022 ൽ രാജ്യസഭാംഗമായ റഹീമിന് 2028 വരെ കാലാവധി ഉണ്ട്. പിന്നെയുള്ളത് ടി.എൻ. സീമ മാത്രമാണ്.
ഹരിതകേരള മിഷൻ തലപ്പത്തിരിക്കുന്ന സീമയെ തിരുവനന്തപുരം പോലെ ഏറെ പ്രാധാന്യമുള്ള ജില്ലയിലെ പാർട്ടി സെക്രട്ടറിയായി പരിഗണിക്കാൻ സാധ്യത വിരളമാണ്.
ജില്ലയിലെ സങ്കീർണമായ രാഷ്ട്രീയ സംഘടന സാഹചര്യങ്ങൾ കണക്കിൽ എടുക്കുമ്പോൾ സംഘടന ശ്രേണിയിൽ പരിചയ സമ്പത്ത് കുറവുള്ള സീമയെ പരിഗണിക്കുക പ്രയാസമാണ്.
സംസ്ഥാന സമിതി അംഗങ്ങളിൽ നിന്നുതന്നെ ജില്ലാ സെക്രട്ടറിയെ കണ്ടെത്തണമെന്ന് തീരുമാനിച്ചാൽ രാജ്യസഭാംഗമായ എ.എ.റഹീമിനെ തന്നെ ജില്ലാ സെക്രട്ടറിയാക്കേണ്ടി വരും. മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ പിന്തുണയുള്ളത് റഹീമിൻ്റെ അനുകൂല ഘടകമാണ്.
നിലവിൽ ജില്ലാസെക്രട്ടറിയായ വി. ജോയിയും റിയാസിൻെറ പിന്തുണയിലാണ് ആ പദവിയിൽ എത്തിയത്. ജോയി മാറുമ്പോൾ മറ്റൊരു വിശ്വസ്തനെ തലസ്ഥാന ജില്ലയിലെ സിപിഎമ്മിൻ്റ അമരത്ത് ഇരുത്തണമെന്ന് റിയാസ് തീരുമാനിച്ചാൽ എ.എ. റഹിം തന്നെ ജില്ലാ സെക്രട്ടറിയാകും.
റിയാസിനോടുള്ളത് പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും റഹീമിനും കുടുംബത്തിനും നല്ല അടുപ്പമുണ്ട്. കുടുംബത്തിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് റഹിം അടുത്തിടെ മീഡിയാ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദമായി സംസാരിച്ചിരുന്നു.
റഹീമിനെ ജില്ലാ സെക്രട്ടറിയായി കൊണ്ടുവന്നാൽ തിരുവനന്തപുരത്തെ പാർട്ടിയിൽ തലമുറ മാറ്റം കൊണ്ടുവരാം എന്നതും നേതൃത്വം കണക്കിൽ എടുത്തേക്കും.
സംസ്ഥാന സമിതി അംഗങ്ങളിൽ നിന്നല്ലാതെ പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ തീരുമാനിച്ചാൽ ജില്ലാ സെക്രട്ടറിയേറ്റിലെ മുതിർന്ന അംഗങ്ങളിൽ ആരെങ്കിലും സെക്രട്ടറി പദത്തിൽ എത്തും.
സി. അജയകുമാർ, എൻ. രതീന്ദ്രൻ, ബി.പി. മുരളി, വി.എസ് സുനിൽ കുമാർ തുടങ്ങിയവരാണ് ജില്ലാ സെക്രട്ടറിയേറ്റിലെ മുതിർന്ന അംഗങ്ങൾ.
ഹരികുമാറിനെ പോലുള്ള യുവനേതാക്കളും ജില്ലാ സെക്രട്ടറിയേറ്റിലുണ്ട്. അജയ കുമാറിന് കടകംപള്ളി സുരേന്ദ്രൻ ഗ്രൂപ്പിൻ്റയും സുനിൽ കുമാറിന് പഴയ ആനാവൂർ - ശിവൻകുട്ടി ഗ്രൂപ്പിൻ്റെയും പിന്തുണയുണ്ട്.
സംസ്ഥാന നേതൃത്വത്തിൻ്റെ താൽപര്യമാകും നിർണായകം ആകുക. തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാനാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ ധാരണ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണ ഉണ്ടായത്. വിജയസാധ്യത കണക്കിലെടുത്താണ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചത്.
ഇക്കാര്യം സംസ്ഥാന സമിതിയെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നി മണ്ഡലങ്ങൾ പാർട്ടി ഏറ്റെടുക്കണം എന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
അക്കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാന്‍ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. വി ജോയിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദന്‍ വിയോജിപ്പ് അറിയിച്ചു.
കഴിഞ്ഞ തവണ ജില്ലയില്‍ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി രാജുവാണ് വിജയിച്ചത്.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ അയോഗ്യനായആന്റണി രാജുവിന് മത്സര വിലക്കുള്ള സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us