/sathyam/media/media_files/2024/12/22/1bhXoAYIWTVRRLbN5AMU.webp)
തിരുവനന്തപുരം: ഏരിയാസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം ബി.ജെ.പിയിൽ ചേർന്ന മുൻ ഏരിയ സെക്രട്ടറി മധുമുല്ലശേരിക്കെതിരെ വെളിപ്പെടുത്തലുമായി സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ്.
താൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ പെർഫ്യൂമും അരലക്ഷം രൂപയുമായി മധു മുല്ലശേരി തന്നെ കാണാൻ വന്നു എന്നാണ് ജില്ലാ സെക്രട്ടറി വി.ജോയിയുടെ വെളിപ്പെടുത്തൽ.
പെട്ടിയും എടുത്ത് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും വി.ജോയി വെളിപ്പെടുത്തി. കോവളത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ.
പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിൻെറ തെളിവാണ് മധു മുല്ലശേരിയെന്നും വി.ജോയി പ്രതിനിധികൾക്ക് മുന്നിൽ തുറന്നടിച്ചു.
ജോയിയുടെ ഈ പരാമർശം നേരത്തെ ജില്ലാ സെക്രട്ടറി പദവിയിലിരുന്ന ആനാവൂർ നാഗപ്പന് എതിരായ ഒളിയമ്പാണ്.
ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് മംഗലപുരം ഏരിയാ സെക്രട്ടറിയായി മധു മുല്ലശേരിയെ നിയമിക്കുന്നത്.
സംസ്ഥാന കമ്മിറ്റി അംഗം കടകംപളളി സുരേന്ദ്രനും മധു മുല്ലശേരിയുടെ അടുപ്പക്കാരൻ ആയിരുന്നു.
ജില്ലാ സമ്മേളനത്തിലെ ചർച്ചയിൽ മധു മുല്ലശേരി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ വിമർശനം ഉയർന്നിരുന്നു. മധു വിരുദ്ധ ആശയമുളള ബി.ജെ.പിയിലേക്ക് പോയതിൽ സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ചർച്ചയിൽ ഉയർന്ന വിമർശനം.
''കഴക്കൂട്ടം വഴി പോകുമ്പോൾ മധു മുല്ലശേരി ഏരിയാ സെക്രട്ടറിയുടെ കസേരയിൽ വെറുതെയങ്ങ് കയറിയിരുന്നതല്ല. അദ്ദേഹത്തെ ഏരിയാ സെക്രട്ടറിയാക്കിയത് ജില്ല-സംസ്ഥാന നേതൃത്വമാണ്.
മധു മുല്ലശേരി പാർട്ടിയെ വഞ്ചിച്ച് ബി.ജെ.പിയിൽ പോയിട്ടുണ്ടെങ്കിൽ അതിൽ ജില്ലാ സംസ്ഥാന നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്'' ചർച്ചയിൽ പങ്കെടുത്ത ഒരു പ്രതിനിധി വിമർശിച്ചു.
തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രന് എതിരെ ജില്ലാസമ്മേളനത്തിലെ പൊതു ചർച്ചയിൽ രൂക്ഷമായ വിമർശനം നടന്നു.
അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാങ്ങിയത് കൊണ്ട് കാര്യമില്ല. ജനങ്ങളുടെ പുരസ്കാരമാണ് നേടേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികൾ വിമർശിച്ചു.
ഇങ്ങനെ പോയാൽ അടുത്ത തവണ നഗരസഭാ ഭരണം നഷ്ടമാകുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. എന്നാൽ ആര്യാ രാജേന്ദ്രന് എതിരെ രൂക്ഷമായി വിമർശനം നടത്തിയ പ്രതിനിധികളെ മറുപടി പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി വിമർശിച്ചു.