തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക കാലാവസ്ഥാ വൈവിധ്യം പരിഗണിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ സഹകരണവകുപ്പ് നടപ്പിലാക്കുമെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘങ്ങളുടെ അപെക്‌സ് സ്ഥാപനമായ കേരള വനിതാഫെഡിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സഖി പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലൂടെ, സ്ത്രീകളില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക, മുഴുവന്‍ സമയ/പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിങ്ങനെയാണ് ലക്ഷ്യം വയ്ക്കുന്നത് പദ്ധതി നടപ്പാക്കുന്നത്.
ആയുഷ് വകുപ്പുമായി സഹകരിച്ച് ഗര്‍ഭകാല ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിചരണം, വാര്‍ധക്യകാല പരിചരണം എന്നിവയും സഖി പദ്ധതി വിഭാവനം ചെയ്യുന്നു. മലബാര്‍ പ്രദേശത്ത് സുലഭമായി ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ ഫെനി ഉല്പ്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
വയനാട് ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെച്ച സഹകരണ എക്‌സ്‌പോ 2025, ഏപ്രില്‍ 21 മുതല്‍ 30 വരെയുള്ള തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.