ജീവിതത്തിലെ അനിഷേധ്യമായ ചില വസ്തുതകളിൽ ഒന്നാണ് മരണം. വിശ്വാസമോ വംശമോ പദവിയോ പ്രായമോ പരിഗണിക്കാതെ തന്നെ ഏതൊരാളും മരണം ആസ്വദിക്കും.
എന്നിരുന്നാലും ചില മരണങ്ങൾ ഉണ്ടാക്കുന്ന ആഘാതം വേഗത്തിൽ വിട്ടുപോകില്ല.
ഏറെ പ്രിയപ്പട്ട സഹോദര സഹൃദയനും സഹോദര തുല്യനുമായ നാട്ടുകാരൻ വി സെയ്ത് മുഹമ്മദ് തങ്ങളുടെ വിയോഗം അത്തരത്തിലുള്ള ഒന്നായ് മനസ്സിൽ വലിയൊരു വിടവും കനത്ത ദുഖവും അവശേഷിപ്പിക്കുന്നു.
തങ്ങളുടെ അപ്രതീക്ഷിത വേർപാടിൽ അതീവ ദുഖിതനാണ്.
നാടിൻ്റെ ഏത് കോണിലായാലും ഫോണിലൂടെ ദിവസവും "കോയ" എന്നുള്ള സ്നേഹ വിളികളും സൗഹൃദ സംഭാഷണങ്ങളും ഓർക്കുമ്പോൾ മത - രാഷ്ട്രീയ - പൊതു രംഗങ്ങളിലെ സഹപ്രവർത്തകൻ എന്ന നിലയിൽ വലിയ വിടവാണ് സൈത് മുഹമ്മദ് തങ്ങൾ വിട പറഞ്ഞതിലൂടെ ഉണ്ടാകുന്നത്.
കാൽ നൂറ്റാണ്ടിലധികം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ കാര്യദർശിയായിരുന്നു അന്തരിച്ച തങ്ങൾ. പള്ളി പരിപാലനത്തിലും ദർസ്സ് വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളിലുമെല്ലാം അതീവ ശ്രദ്ധാലുവായിരുന്നു.
രാഷ്ട്രീയമായി ഒന്നായിരുന്നില്ലെങ്കിലും അദ്ദേഹം പുലർത്തിയ സത്യസന്ധമായ പരസ്പര ബഹുമാനം മാതൃകാപരമായിരുന്നു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി സ്നേഹബന്ധം സൂക്ഷിച്ചൊരാളായിരുന്നു.
വലിയ പള്ളിയിലെ വിളക്കത്ത് ഇരിക്കൽ ചടങ്ങുകൾക്ക് എത്തുന്ന പണ്ഡിതർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിയും പള്ളിയിലെ മസാന്ത സ്വലാത്തുകൾ സജീവമാക്കാൻ വേണ്ടി നടത്താറുള്ള ഏർപ്പാടുകളും മൂലം അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാകും എന്നതിൽ സംശയമില്ല.
ഇഹലോകത്ത് ദൈവബോധത്തോടെ ജീവിച്ച രാഷ്ട്രീയക്കാരൻ, ജീവിതത്തിൽ മൂല്യങ്ങൾ മുറുകെപ്പിടിച്ച് കർമ്മകുശലനായി ജീവിച്ച പൊതുജന സേവകൻ...
പൊന്നാനി വലിയ ജാറം വി സെയ്ദ് മുഹമ്മദ് തങ്ങൾ നാടിന്റെ വിശുദ്ധമായ ഒരു വിലാസമായിരുന്നു.
സങ്കീർണ്ണമായ ഏത് വിഷയങ്ങൾക്കും അനായാസം പരിഹാരം കാണുന്ന നയചാതുരി പലപ്പോഴും വലിയ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
വിയോഗ വാർത്ത അറിഞ്ഞ് നാടിൻ്റെ നാനാ ദിക്കുകളിൽ നിന്നും തങ്ങളുടെ താറാവാട് വീടായ വലിയ ജാറത്തിലേക്ക് എത്തിചേർന്ന നാട്ടുകാരും സഹപ്രവർത്തകരുമായ ആയിരങ്ങൾ ഓരോരുത്തർക്കും അനുഭവങ്ങളുടെ വെളിച്ചത്തിൽ തങ്ങളെ കുറിച്ച് സംസാരിക്കാനുണ്ടാകും.
അദ്ദേഹത്തിൻ്റെ വേർപാട് മൂലം നാടിൻ്റെ ആത്മീയ നേതൃത്വത്തിലും സാമുഹിക രാഷ്ട്രീയ മേഖലയിലും അടുത്തൊന്നും നികത്താനാകാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.
കെ എം മുഹമ്മദ് ഖാസിം കോയ
(മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം)