/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
തിരുവനന്തപുരം: ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും ഒഴിവുകള്‍ ബോധപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യാത്ത മാനേജ്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
PWD Act 1995, RPWD Act 2016 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ വിഷയത്തില്‍ കേസുകള്‍ വന്നപ്പോഴോ വിധി വന്നപ്പോഴോ മാനേജ്മെന്റുകള്‍ കോടതിയില്‍ കക്ഷി ചേരാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ തയ്യാറായിരുന്നില്ല.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, വിരലിലെണ്ണാവുന്ന മാനേജ്മെന്റുകള്‍ മാത്രമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുള്ളത്.
ഏകദേശം അയ്യായിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സ്ഥാനത്ത്, ഇതുവരെ ആയിരത്തി അഞ്ഞൂറ് ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള ഒഴിവുകള്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് മാനേജ്മെന്റുകള്‍ വ്യക്തമാക്കണം.