/sathyam/media/media_files/2025/12/23/v-sivankutty-2025-12-23-22-02-52.jpg)
തിരുവനന്തപുരം: വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല, മറിച്ച് സഹവർത്തിത്വം ശീലിക്കേണ്ട ഇടങ്ങളാണെന്നും അവിടെ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് അവധി റദ്ദാക്കിയും ‘സദ്ഭരണ ദിനം’ എന്ന പേരിൽ പ്രവൃത്തി ദിനമാക്കിയും ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചുവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചില വിദ്യാലയങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സങ്കുചിത മനോഭാവങ്ങളെ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കർശനമായ ഭാഷയിൽ വ്യക്തമാക്കി.
ആഘോഷങ്ങൾ ഒഴിവാക്കിയ ചില സ്ഥാപനങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടർന്ന് അവർക്ക് ആഘോഷങ്ങൾ നടത്തേണ്ടി വന്നത് സംസ്ഥാനത്തിന്റെ മതേതരത്വത്തിന്റെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ പ്രയാസങ്ങൾ തിരിച്ചറിയുന്നവരാകണം യഥാർത്ഥ വിദ്യാർത്ഥികൾ എന്ന് കുട്ടികളെ ഓർമ്മിപ്പിച്ച മന്ത്രി, ഏവർക്കും പുതുവത്സര ആശംസകളും നേർന്നു. സ്കൂൾ അധികൃതർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us