/sathyam/media/media_files/2BLZdH8PqWaBHTZptOXi.jpg)
തിരുവനന്തപുരം: കൊല്ലം ആശ്രാമം ഇഎസ്ഐ മെഡിക്കൽ കോളേജ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപിയും യുഡിഎഫും വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.
മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് യുഡിഎഫിനേയും ബിജെപിയേയും കടന്നാക്രമിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ,
"വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപി - യുഡിഎഫ് അവിശുദ്ധ സഖ്യം
കൊല്ലം ആശ്രാമം ഇഎസ്ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻകെ പ്രേമചന്ദ്രൻ എംപിയും നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇരുവരും ഒരേ സ്വരത്തിൽ സംസാരിക്കുന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.
വസ്തുതകൾ പരിശോധിക്കുമ്പോൾ:
1. അപേക്ഷയിലെ കാലതാമസം:-
ഇഎസ്ഐ കോർപ്പറേഷന്റെ 196-ാമത് മീറ്റിംഗിൽ 2025 ജൂണിലാണ് മെഡിക്കൽ കോളേജ് തുടങ്ങാൻ തീരുമാനിച്ചതെങ്കിലും, സംസ്ഥാന സർക്കാരിന് ഇതിനായുള്ള അപേക്ഷ സമർപ്പിച്ചത് 07.01.2026-ൽ മാത്രമാണ്. നാഷണൽ മെഡിക്കൽ കമ്മീഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28 ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണിത്.
2. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം:-
അപേക്ഷ ലഭിച്ച ഉടൻ തന്നെ സർക്കാർ പരിശോധനയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ, നിർദ്ദിഷ്ട സ്ഥലത്ത് ഫാക്കൽറ്റികളോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
3. ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടം:-
മെഡിക്കൽ കോളേജിന് ആവശ്യമായ ഭൂമി, അക്കാദമിക് ബ്ലോക്ക്, ക്ലിനിക്കൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെട്ട വിശദമായ പ്ലാൻ സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇഎസ്ഐ അധികൃതർ മറുപടി നൽകിയിട്ടില്ല.
എന്തുകൊണ്ട് സർക്കാർ ജാഗ്രത പാലിക്കുന്നു ?
നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്.
2021-ലെ ഹൈക്കോടതി വിധി (WP(C) No. 18834) വ്യക്തമാക്കുന്നത് പോലെ, ഒരു മെഡിക്കൽ കോളേജിന് സർട്ടിഫിക്കറ്റ് നൽകുന്നത് അതീവ ഗൗരവകരമായ കാര്യമാണ്.
ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പദ്ധതികളെ കേരളം തടയുന്നു എന്ന രാജീവ് ചന്ദ്രശേഖരന്റെ ആരോപണം പരിഹാസ്യമാണ്. ഒരേ കള്ളം ആവർത്തിക്കുന്ന രാജീവ് ചന്ദ്രശേഖരനും എൻകെ പ്രേമചന്ദ്രനും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us