/sathyam/media/media_files/WV9bXKagNvVllEUgvJII.jpg)
കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയര്‍ന്നാലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ആക്രോശങ്ങള്‍ ആദ്യമുയരുന്നത് പ്രിയങ്ക ഗാന്ധിക്കെതിരെയാണെന്ന് വി ടി ബല്‍റാം.
വയനാട് കേരള സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒന്നാണ്. സംസ്ഥാന ഭരണകൂടത്തില്‍ ഒരു മന്ത്രിയടക്കം ആ ജില്ലയില്‍ നിന്നുണ്ട്. എന്നാല്‍ എംപിയെവിടെ എംപിയെവിടെ എന്ന് സിപിഎമ്മുകാര്‍ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാല്‍ അവരെ റോഡ് സൈഡില്‍ നിന്ന് കരിങ്കൊടി കാണിക്കും.
ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
എംപി എന്നത് ജനപ്രതിനിധി മാത്രമാണ്. ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം, സിപിഎമ്മുകാര്‍ക്കൊഴികെ. ഭരണഘടനാ പ്രകാരം സര്‍ക്കാരിന് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് നെടുംതൂണുകളാണുള്ളതെന്ന് ഹൈസ്‌ക്കൂള്‍ തലത്തിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ത്തന്നെ പഠിപ്പിക്കുന്നുണ്ടാവും.
ഇതില്‍ എക്‌സിക്യൂട്ടീവിനാണ് ഭരണപരമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരവും ഉത്തരവാദിത്തവുമുള്ളത്. മന്ത്രിമാരടങ്ങുന്ന സര്‍ക്കാരും ഉദ്യോഗസ്ഥരുമൊക്കെയാണ് ഈ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ളതെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി.
എംപി ഫണ്ട് വിനിയോഗം പോലുള്ള ചുരുക്കം ചില കാര്യങ്ങളൊഴികെ ഏതെങ്കിലുമൊരു കാര്യത്തില്‍ നേരിട്ടൊരു തീരുമാനമെടുക്കാന്‍ എംപിക്ക് അധികാരമില്ല. പാര്‍ലമെന്റിനകത്തും പുറത്തുമുള്ള ഉചിതമായ വേദികളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അധികാര സ്ഥാനീയരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാനുമാണ് എംപിക്ക് കഴിയുക.
വയനാട്ടിലെ എംപിമാര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ ആ ഉത്തരവാദിത്തം എക്കാലവും നിര്‍വ്വഹിച്ചു പോന്നിട്ടുണ്ട്. വനം, വന്യജീവി വിഷയങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നേരിട്ടിടപെടാന്‍ ഉത്തരവാദിത്തമുള്ള ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്.
ഇപ്പോഴത്തെ വന്യജീവി ആക്രമണ വിഷയത്തില്‍ സംഭവസ്ഥലത്ത് സംസ്ഥാന ഭരണാധികാരികളായ മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല. അവര്‍ക്കെല്ലാം മുന്‍പ് അവിടെയെത്തിയത് വയനാട് എംപിയാണെന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.
വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും.
വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.