വടക്കഞ്ചേരി: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്‍കി 4.95 ലക്ഷം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍.
കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്‌വാന്റെ പരാതിയില്‍ വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച വടക്കഞ്ചേരിയില്‍ വെച്ച് അനുപമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് 2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ പല ഘട്ടങ്ങളിലായി സഫ്‌വാനിൽനിന്ന് യുവതി പണം കൈപറ്റിയെന്നാണ് കേസ്.
സഫ്‌വാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മറ്റു ജില്ലകളിലും അനുപമയ്‌ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.