കോട്ടയം: വാഗമണ്ണില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വിശ്രമിക്കുകയായിരുന്ന അമ്മയുടെയും മടിയിലിരുന്ന കുഞ്ഞിന്റെയും ശരീരത്തിലേക്ക് കാര്‍ ഇടിച്ചു കയറി നാലുവയസുകാരനായ മകനു ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെയാണ് കേസ് എടുത്തത്.
അപകട സമയം കാര്‍ ഓടിച്ച ജയകൃഷ്ണന്റെ വൈദ്യ പരിശോധന നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നും ആരോപണം ഉണ്ട്. അപകടം നടന്നപ്പോള്‍ ആരും ഇയാള്‍ മദ്യപിച്ചിരുന്നതായ ആരോപണം ഉന്നയിച്ചിരുന്നില്ലെന്ന വിചിത്ര വാദമാണ് പോലീസ് നിരത്തുന്നത്.
അലക്ഷ്യമായ ഡ്രൈവിങ്ങിനാണ് കേസ് എടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ചേര്‍ക്കുമെന്നു പോലീസ് പറയുന്നു.
അപകടത്തില്‍ തിരുവനന്തപുരം നേമം ശാസ്താലൈന്‍ ശാന്തിവിള നാഗാമല്‍ ശബരിനാഥിന്റെ മകന്‍ അയാന്‍ശാന്ത്.എസ് (4) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ മോഹന്‍ (30) പാലായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ പോളിടെക്‌നികിലെ അദ്ധ്യാപികയാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
പുതിയ കാര്‍ വാങ്ങിയ ശേഷം കുടുംബവുമൊത്ത് വാഗമണ്ണിലേക്ക് യാത്രയ്ക്കു പോയതാണ് കുടുംബം. മടങ്ങുന്നതിനിടെ വഴിക്കടവിലുള്ള ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സമീപം വിശ്രമിക്കുകയായിരുന്നു ആര്യയും അയാനും. ഇതിനിടെ ചാര്‍ജ് ചെയ്യാനായി എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇരുവരുടെയും ശരീരത്തിലേയ്ക്ക് ഇടിക്കുകയായിരുന്നു.
വാഹനം ഇടിച്ചതോടെ ആര്യ ഇരുന്ന ഭാഗത്തിന് പിന്നിലുള്ള കമ്പിയിലേയ്ക്ക് ഇരുവരും ഞെരുങ്ങി. ഇരുവരെയും ഉടനെ പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാന്റെ ജീവന്‍ രക്ഷിക്കാനായില്ല.
അയാന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുക്കുകയാണ്. മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.