/sathyam/media/media_files/2025/07/30/new-project-87-1-2025-07-30-14-58-27.jpg)
കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ കണ്ണനെന്ന സുമേഷിന്‍റെ മൃതദേഹം കണ്ടെത്തി. ചേർത്തല താലൂക്ക് അരൂർ കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ പാണാവള്ളി സ്വദേശിയാണ് സുമേഷ്. രണ്ട് ദിവസം മുമ്പാണ് കോട്ടയം വൈക്കത്തിനു സമീപം മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
പാണവള്ളിയിൽ നിന്നും കാട്ടിക്കുന്നിൽ സംസ്കാര ചടങ്ങിനെത്തിയ 23 അംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 22 പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കായലിലേക്ക് ചാടിയ സുമേഷിനെ കാണാതാവുകയായിരുന്നു.
മൂവാറ്റുപുഴ ആറും വേമ്പനാട്ടു കായലും സംഗമിക്കുന്ന ഇടമായതിനാൽ തിരയും ഒഴുക്കും ശക്തമായിരുന്നത് രക്ഷാപ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ചു. മത്സ്യതൊഴിലാളികളുടെയും കക്കവാരൽ തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു തുടക്കത്തിൽ രക്ഷാപ്രവർത്തനം.
പിന്നീട് തിരച്ചിലിനായി നേവിയുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായം തേടിയിരുന്നു. രണ്ട് ദിവസമായി തിരച്ചിൽ തുടരവേയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.