/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2026-01-09-18-23-59.jpg)
കൊച്ചി: ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ലെന്ന് ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണന്‍.
വാജി വാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ വീഴ്ചയാണ്.
ശബരിമലയില്‍ സിബിഐ അന്വേഷണം വേണമെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
വാജിവാഹനം ദേവസ്വം മുതലായത് കൊണ്ട് അത് ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനും അനര്‍ഹമായ വസ്തു ദാനമായി സ്വീകരിക്കാന്‍ തന്ത്രിക്കും അവകാശമില്ല.
അതുകൊണ്ട് വാജിവാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ വീഴ്ചയാണെന്നും രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തന്ത്ര സമുച്ചയം അനുസരിച്ചാണ് വാജിവാഹനം തന്ത്രിക്ക് സമര്‍പ്പിച്ചത് എന്നാണ് ആദ്യം കേട്ടത്.
ചേന്നാസ് നാരായണന്‍ നമ്പൂതിരിയാണ് 1427-28 കാലത്ത് തന്ത്ര സമുച്ചയം എഴുതിയത്.
ക്ഷേത്ര നിര്‍മാണം, മൂര്‍ത്തിയുടെ പ്രതിഷ്ഠാപനം, പരിഹാര ക്രിയകള്‍ എന്നിവയുടമായി ബന്ധപ്പെട്ട അനുഷ്ഠാന ക്രിയകളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. അതിലൊരിടത്തും ക്ഷേത്രത്തിലെ വസ്തുവഹകളുടെ ഉടമസ്ഥാവകാശം തന്ത്രികള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല.
ക്ഷേത്രത്തിലെ വസ്തുവകകളുടെ ഉടമസ്ഥാവകാശം ക്ഷേത്രത്തിന്റെ ഉടമകള്‍ക്കാണ്. അവരെയാണ് കാരായ്മക്കാര്‍ എന്നു വിശേഷിപ്പിക്കുന്നത്.
പൂജ മുതലായ ക്രിയകള്‍ ചെയ്യുന്നവര്‍ ഊരാണ്മക്കാരാണ്. ഊരാണ്മക്കാര്‍ കാരായ്മക്കാരില്‍ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരാണ്. ചിലപ്പോള്‍ അതിനെ ദക്ഷിണ എന്നും പറയാറുണ്ട്.
തന്ത്രിയും ശാന്തിയും ഊരാണ്മക്കാരാണ്. അവര്‍ക്ക് ക്ഷേത്രത്തിന്റെ വസ്തുവഹകളില്‍ ഉടമസ്ഥാവകാശമില്ല.
അതുകൊണ്ട്, ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ലെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.
തന്ത്രവിധി അനുസരിച്ച് പഴയ കൊടിമരം ജഡമായി മാറുന്നതുകൊണ്ട് അത് സംസ്‌കരിക്കണം എന്നാണ് വ്യവസ്ഥ.
മരമാണെങ്കില്‍ ചിതയൊരുക്കി ദഹിപ്പിക്കണം. ലോഹമാണെങ്കില്‍ ഉരുക്കണം. കോണ്‍ക്രീറ്റാണെങ്കില്‍ പൊടിച്ചു കളയണം.
കൊടിമരം മൊത്തം ജഡമായി മാറുമ്പോള്‍ കൊടിമരം പൊതിയുന്ന പറകളും കൊടിമരത്തിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന വാജിവാഹനവും കൊടിമരത്തിന്റെ അടിത്തറയില്‍ കാവല്‍ നില്‍ക്കുന്ന അഷ്ടദിക്പാലക വിഗ്രഹങ്ങളും ചൈതന്യം നശിച്ച് ജഡമായി മാറും.
സ്വാഭാവികമായും ഈ വസ്തുവഹകള്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌റ്റോക്ക് രജിസ്റ്ററില്‍ ചട്ടം അനുശാസിക്കും വിധം രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us