തിരുവനന്തപുരം: വാളയാറിൽ രണ്ട് സഹോദരിമാർ പീഡനത്തിനിരയായതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ മാതാപിതാക്കൾക്കെതിരേ പോക്സോ കുറ്റം ചുമത്തി സി.ബി.ഐ.
ഇതിനൊപ്പം മാതാവിനെതിരേ ബലാത്സംഗ പ്രേരണാകുറ്റവും ചുമത്തിയതായും സൂചനയുണ്ട്. കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് അറിയാമായിരുന്നിട്ടും അക്കാര്യം പോലീസിൽ അറിയിച്ചില്ല എന്നതാണ് കുറ്റമായി സി.ബി.ഐ പറയുന്നത്.
എന്നാൽ പോലീസിൽ അറിയിച്ചില്ലെങ്കിൽ ക്രിമിനൽ കുറ്റമാണെന്ന് കാര്യം പെൺകുട്ടികളുടെ മാതാവിന് അറിയാമായിരുന്നോ എന്നടക്കം സി.ബി.ഐ പരിശോധിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
കേസ് സിബിഐ അട്ടിമറിച്ചെന്നും പോലീസ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് സി.ബി.ഐയെന്നും മാതാവ് ആരോപിച്ചു. 7വർഷം ഇല്ലാത്ത എന്ത് തെളിവാണ് പുതിയതായി ഉണ്ടായതെന്നും സമരവുമായി മുന്നോട്ടു പോവുമെന്നും അവർ വ്യക്തമാക്കി
പീഡനത്തിനിരയായ 13കാരിയെ 2017 ജനുവരി 13നും ഒമ്പത് വയസുകാരിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് വിചാരണ കഴിഞ്ഞ് 6 പ്രതികളെ വെറുതേ വിട്ട ശേഷമാണ് പുനർവിചാരണയ്ക്ക് തീരുമാനിച്ചത്.
സി.ബി.ഐ അന്വേഷിക്കുകയും കുറ്റപത്രം നൽകുകയും ചെയ്തെങ്കിലും കുറ്റപത്രം കോടതി മടക്കി. പിന്നീട് നടത്തിയ തുടരന്വേഷണത്തിലാണ് മാതാപിതാക്കൾക്കെതിരേ പോക്സോ കുറ്റം ചുമത്തിയത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചതിനെത്തുടർന്നാണ് സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങിയത്.
മരണപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ രഹസ്യഭാഗത്ത് പീഡനം നടന്നുവെന്ന് സംശയിക്കുന്ന തരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല
രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിലും നിരവധി അസ്വാഭാവിതകൾ ഉണ്ടായിരുന്നു. അതിലും അന്വേഷണം കൃത്യമായിരുന്നില്ല. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തെന്നാണ് സി.ബി.ഐ കേസ്.
2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് 4ന് ഇതേ വീട്ടിൽ ഒമ്പത് വയസുകാരിയായ അനുജത്തിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
2017 മാർച്ച് 6ന് പാലക്കാട് എ.എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാർച്ച് 12ന് മരിച്ച കുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിലും 2019 ജൂൺ 22ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്ത ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താൽ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം.മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു
വിധി റദ്ദാക്കണമെന്നും പുനർവിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബർ 19ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാർച്ച് 18ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി.
2020 നവംബർ 4 മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്ന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് ശാസ്ത്രീയമായി തെളിയിച്ചായിരുന്നു സി.ബി.ഐയുടെ ആദ്യ കുറ്റപത്രം. ആദ്യ അന്വേഷണത്തിൽ പൊലീസ് ഉൾപ്പെടുത്തിയ നാല് പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന അനന്തകൃഷ്ണൻ പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് കണ്ടെത്തിയ നാലുപേരെയാ സി.ബി.ഐ.യും പ്രതിചേർത്തിട്ടുള്ളത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ
മൂത്ത കുട്ടി 2016 ഏപ്രിൽ മുതൽ നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി. 2017 ജനുവരിയിൽ മരിക്കും വരെ ഇത് തുടർന്നിരുന്നു. കുട്ടിയുടെ വീട്ടിലും വല്ല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുമായാണ് പീഡനം നടന്നത്.
ഈ വിവരങ്ങൾ പലപ്പോഴായി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. നിരന്തര പീഡനം മൂലം ശരീരത്തിൽ മുറിവും പഴുപ്പുമുണ്ടെന്നും അമ്മയോട് പറയാൻ പേടിയാണെന്നും കൂട്ടുകാരിയെ അറിയിച്ചിരുന്നു. കേസിൽ കുട്ടികളുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മൂത്തകുട്ടിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത് ഇളയ കുട്ടിയാണ്. ഈ സമയം രണ്ടുപേർ മുഖം മറച്ച് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നൽകിയിട്ടും പൊലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല.
വീട്ടിനകത്ത് കയറിയപ്പോൾ ചേച്ചി പിടയുകയായിരുന്നുവെന്നാണ് സഹോദരിയുടെ മൊഴി. നാല് മിനുട്ടുകൾക്ക് ശേഷമാണ് ഇളയകുട്ടി മുറിയിലേക്ക് വന്നത്, തൂങ്ങി മരണമാണെങ്കിൽ പിടയാനുള്ള സാദ്ധ്യതയില്ല, സ്പോട്ട് ഡെത്തിനാണ് സാദ്ധ്യത
കൂടാതെ മൃതദേഹത്തിൽ അതിക്രമം നടന്നതിന്റെ പാടുകളോ, ക്ഷതങ്ങളോ കൊലപാതകമെന്ന് തോന്നിക്കുന്ന ലക്ഷണങ്ങളോ, ശരീര ശ്രവങ്ങളോ കണ്ടെത്തിയിരുന്നില്ല.
അതിനാൽ ആദ്യത്തെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലെത്തുകയായിരുന്നു. പക്ഷേ കുറ്റപത്രം കോടതി മടക്കി. പിന്നീട് തയ്യാറാക്കിയ അന്തിമ കുറ്റപത്രത്തിലാണ് മാതാപിതാക്കൾക്കെതിരേ പോക്സോ കുറ്റം ചുമത്തിയത്.
ചേച്ചിയുടെ മരണശേഷം സഹോദരിയുടെ ഫോട്ടോ കാണിച്ച് അവൾ പോയ വഴിയേ ഞാനും പോകുമെന്ന് ഇളയ കുട്ടി ആവർത്തിച്ചിരുന്നതായി മൊഴികളുണ്ട്. ഉത്തരത്തിൽ കുരിക്കിടാൻ ഒമ്പതുകാരിക്ക് കഴിയുമോ എന്നതാണ് പിന്നീട് സി.ബി.ഐ അന്വേഷിച്ചത്. ഇതിനായി ഡമ്മി പരീക്ഷണം നടത്തി.
16 സെന്റീ മീറ്റർ ഉയരമുള്ള ഓടുകൊണ്ടുള്ള കട്ടകൾക്ക് മുകളിലായാണ് കട്ടിൽ വച്ചിരുന്നത്. ഇതിന് മുകളിൽ കസേരയിട്ടാണ് ഇളയ കുട്ടി ഉത്തരത്തിൽ കുരിക്കിട്ടത്. മൃതദേഹം ആദ്യം കണ്ടയാളുടെ മൊഴിയിൽ കുട്ടിയുടെ കാൽ കസേരയിൽ മുട്ടിയിരുന്നില്ല
20 സെന്റീമീറ്റർ വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു. ഇത് ഡമ്മി പരീക്ഷണത്തിലും തുടർന്ന് ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധരെത്തി നടത്തിയ പരിശോധനയിലും തെളിയിക്കാൻ കഴിഞ്ഞു. ഈ കണക്കുകൾ പൊലീസ് കൃത്യമായി രേഖപ്പെടുത്താതിരുന്നതാണ് കേസിൽ തിരിച്ചടിയായതും കുറ്റവാളികൾ രക്ഷപ്പെടാൻ കാരണമായതും.
ആദ്യം കേസന്വേഷിച്ച എസ്.ഐ ചാക്കോ ഗുരുതുര വീഴ്ചവരുത്തി. തെളിവുകൾ നശിപ്പിച്ചു. അളവുകൾ കൃത്യമായി രേഖപ്പെടുത്തിയില്ല. ആദ്യ കുട്ടി മരിച്ചതിന് ശേഷം മൊഴിനൽകിയ രണ്ടാമത്തെ കുട്ടിക്ക് സംരക്ഷണം നൽകിയില്ലെന്ന് വലിയ വീഴ്ചയാണ്.
സർക്കാർ എസ്.ഐ ചാക്കോയെ ആറുമാസത്തേക്ക് സസ്പെന്റ് ചെയ്യുകയും കുറ്റാന്വേഷണ, ക്രമസമാധാന ചുമതല നൽകാതിരിക്കുകയും ചെയ്തിരുന്നു.
ജില്ലാആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മൂത്തകുട്ടിയുടെ പീഡനം വെളിപ്പെട്ടെങ്കിലും രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുശേഷമാണ് ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചത്.
ഇതിനിടെ, രണ്ടാമത്തെ കുട്ടിയെ പൊലീസും മറ്റുചിലരും കൗൺസിലിങ്ങിന് വിധേയമാക്കാൻ ആവർത്തിച്ചു നിർദേശിച്ചെങ്കിലും രക്ഷിതാക്കൾ തയാറായില്ലെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ടനുസരിച്ച് അന്വേഷണവും ഇളയകുട്ടിയെ കൗൺസിലിങ്ങും നടന്നിരുന്നെങ്കിൽ പിന്നീടുള്ള ദുരന്തം തടയാമായിരുന്നുവന്നാണ് സിബിഐയുടെ കണ്ടെത്തൽ
രണ്ടുപേർ ഷെഡിനു സമീപത്തുനിന്ന് ബൈക്കിൽ കയറിപ്പോകുന്നതായി കണ്ടെന്നും അതിനുശേഷം വീട്ടിൽ ചെന്നുനോക്കിയപ്പോൾ ചേച്ചി മുകളിൽ തൂങ്ങിപ്പിടയുന്നതു കണ്ടതായി മകൾ തന്നോടു പറഞ്ഞുവെന്നാണ് അമ്മയുടെ മൊഴി. എന്നാൽ കുട്ടിയുടെ മൊഴിയിൽ, തൂങ്ങിപ്പിടയുന്നുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടില്ല.
കൊലപാതകമാണെങ്കിൽ കുട്ടി പിടയാനുളള സാധ്യതയില്ലെന്നും സിബിഐ പറയുന്നു. മക്കളുടെ മരണം കൊലപാതകമാണെന്നാണ് അമ്മ ആവർത്തിച്ചു പരാതിപ്പെടുന്നത്.
സംഭവം നടക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിൽ പെയിന്റിങ് പണിയിലായിരുന്നയാൾ, മൂത്തകുട്ടി പതിവുപോലെ വീട്ടിലേക്കു കയറിപ്പോകുന്നത് കണ്ടിരുന്നു.
പിന്നാലെ മറ്റാരും വരുന്നതായി കണ്ടില്ലെന്നും ചെറിയ കുട്ടിയുടെ നിലവിളികേട്ട് ഒാടിച്ചെന്നപ്പോൾ മൂത്തകുട്ടി തൂങ്ങിക്കിടക്കുന്നതാണ് കണ്ടതെന്നും അയാൾ സിബിഐക്കു നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശത്തിന്റെയോ പിടിവലി നടന്നതിന്റെയോ ഒരു സൂചനകളുമുണ്ടായിരുന്നില്ല. കവർച്ച, മോഷണം എന്നിവയൊന്നും പ്രതികളുടെ ലക്ഷ്യമായിരുന്നില്ല. പിടിവലി, അനുബന്ധ അക്രമ നീക്കങ്ങളുടെയും തെളിവുകളോ വിരലടയാളമോ ഇല്ല
കേസ് അന്വേഷണത്തിനിടയിൽ മൊഴി നൽകിയവരാരും കൊലപാതക സാധ്യതയെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം സൂചിപ്പിക്കുന്നു.
അമ്മയുടെ ഉത്കണ്ഠയും പരാതിയും വേദനയും കണക്കിലെടുത്ത് ആ വഴിയിൽ ആവർത്തിച്ചു പരിശോധന നടത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.